കൃഷിയിലൂടെ വ്യായാമം, പണവും സമ്പാദിക്കാം; ഇത് കഞ്ഞിക്കുഴി മോഡല്‍
മണ്ണഞ്ചേരി: പൊണ്ണത്തടിക്കാരേയും ജീവിതജന്യരോഗബാധിതരേയും ലക്ഷ്യംവെച്ചുള്ള പുതിയവ്യായാമകേന്ദ്രം ഒരുങ്ങുന്നു.കൃഷിപ്പെരുമ പേറുന്ന കഞ്ഞിക്കുഴിയിലാണ് സംസ്ഥാനത്തുതന്നെ ശ്രദ്ധേയമാകുന്ന കൃഷിയിടവ്യായാമകേന്ദ്രം ഉടന്‍തന്നെ പ്രവര്‍ത്തിച്ചുതുടങ്ങുക. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കഞ്ഞിക്കുഴി പഞ്ചായത്തില്‍ 11 -ാം വാര്‍ഡില്‍ പൂന്തോട്ടത്തില്‍ പ്രവീണും സര്‍ക്കാര്‍ ജീവനക്കാരനായ സതീഷും ചേര്‍ന്നാണ് പുതിയ കൃഷിരീതിക്ക് ഇവിടെ രൂപംനല്‍കിയിട്ടുള്ളത്.ഇവരെ സഹായിക്കാന്‍ കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്കും ഒപ്പമുണ്ട്.
അലക്ഷ്യമായ ജീവിതരീതിയെതുടര്‍ന്ന് ഉണ്ടാകുന്ന ജീവിതജന്യരോഗങ്ങള്‍ നിയന്ത്രിക്കാന്‍ വ്യായാമം നിര്‍ദേശിക്കുന്ന ഡോക്ടറന്‍മാര്‍ ഇനിമുതല്‍ കഞ്ഞിക്കുഴിക്കാരോടുപറയുക ഫാം ക്ലബ്ബ് സന്ദര്‍ശിക്കുകയെന്നാകും. ആരോഗ്യം സംരക്ഷിക്കാന്‍ പുലര്‍ച്ചേ ഒരുമണിക്കൂറിലേറെ നടക്കുന്നവര്‍ പ്രവീണിന്റെയും സംഘത്തിന്റെയും കൃഷിത്തോട്ടത്തില്‍ എത്തിയാല്‍ വ്യായാമവും ഒപ്പം വരുമാനവും ലഭിക്കും. തോട്ടത്തിനരികിലെ കുളത്തില്‍നിന്നും വെള്ളംകോരി നനയ്ക്കുകയും വിളകള്‍ക്കിടയിലെ കളകള്‍ പറിക്കുകയും ചെയ്യുമ്പോള്‍ ശരീരഭാഗങ്ങള്‍ പൂര്‍ണമായും ചലനാത്മകമാകും. ഇതുവഴി ശരീരത്തിന് പുതുപ്രസരിപ്പും തോട്ടത്തിലെ വിളവിന്റെ ഒരുഭാഗം വ്യായാമക്കാര്‍ക്ക് പണമായോ ഉല്‍പ്പന്നമായോ നല്‍കുകയുംചെയ്യും.
പഴയതലമുറയുടെ ആരോഗ്യരഹസ്യങ്ങളില്‍ ഒന്നായ അതിരാവിലെ എഴുന്നേറ്റുള്ള വിളകള്‍ക്ക് വെള്ളംകോരല്‍ എന്ന പ്രക്രിയയിലേക്ക് പുതിയ തലമുറയും എത്തുമ്പോള്‍ നല്ലആരോഗ്യവും നല്ലവിളവും എന്ന ലക്ഷ്യമാകും വന്നുചേരുകയെന്ന് കഞ്ഞിക്കുഴി സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാര്‍ പറഞ്ഞു. ഫാംക്ലബ്ബിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജംപകരാനും ബാങ്കിന്റെ കീഴില്‍ നടത്തിവരുന്ന കാര്‍ഷിക പ്രസ്ഥാനങ്ങള്‍ സജീവമാകാകനും കര്‍ഷകദിനമായ ചിങ്ങം ഒന്നിന് ജൈവപച്ചക്കറി വിളവെടുപ്പും വിപണനവും എന്ന വിഷയത്തില്‍ സെമിനാറും ബാങ്കധികൃതര്‍ സംഘടിപ്പിച്ചിട്ടുണ്ട്. സെമിനാറിന്റെ ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."