സാഹിത്യപരിഷത്ത് നവതി ആഘോഷം
ആലപ്പുഴ: സമസ്ത കേരള സാഹിത്യപരിഷത്ത് നവതി ആഘോഷവും ആലപ്പുഴ സനാതന ധര്‍മ കോളജ് മലയാള വിഭാഗം സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും 17ന് എസ് ഡി കോളജ് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മലയാള വിഭാഗം സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം ലീലാവതി നിര്‍വഹിക്കും. സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റ് സി രാധകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പൂര്‍വ അധ്യാപകരും വിദ്യാര്‍ഥികളും സാംസ്‌കാരികസാഹിത്യ പ്രവര്‍ത്തകരും ചേര്‍ന്ന് അമ്പത് ദീപങ്ങള്‍ കൊളുത്തി സുവര്‍ണ വര്‍ഷത്തെ വരവേല്‍ക്കും.
സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി പ്രൊഫ. ടി എന്‍ വിശ്വംഭരന്‍ ആമുഖ പ്രഭാഷണം നടത്തും. കോളജ് മാനേജര്‍ പി കൃഷ്ണകുമാര്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ് നടരാജ അയ്യര്‍, പ്രൊഫ. പി എം ഇബ്രാഹിംകുട്ടി, ഡോ. നെടുമുടി ഹരികുമാര്‍, പി യു അമീര്‍ സംസാരിക്കും. തുടര്‍ന്ന് മലയാള സാഹിത്യ വിമര്‍ശനം ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഡോ. പി കെ രാജശേഖരന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോ. ആര്‍ പ്രസന്നകുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും. ഉച്ചക്കുശേഷം നടക്കുന്ന കവിയരങ്ങ് പ്രശസ്ത കവി പ്രഭാവര്‍മ ഉദ്ഘാടനം ചെയ്യും. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.
ആര്‍ കെ ദാമോദരന്‍, ഡോ. അമൃത, ഡോ. അഥീന നീരജ്, ഡി ബി അജിത്കുമാര്‍, കൈലാസ് തോട്ടപ്പള്ളി, സന്ദീപ് ഉണ്ണികൃഷ്ണന്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ പ്രൊഫ. ടി എന്‍ വിശ്വംഭരന്‍, ഡോ. നെടുമുടി ഹരികുമാര്‍, ഡോ. എസ് അജയകുമാര്‍, പി യു അമീര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."