'ഇതിന്റെ പേരില്‍ എന്ത് അനുഭവിക്കാനും ഞാന്‍ തയ്യാറാണ്'; കറുത്ത ഷര്‍ട്ടും തൊപ്പിയും ധരിച്ച് സലിം കുമാര്‍ ചാനല്‍ ചര്‍ച്ചയില്‍
താന്‍ പങ്കെടുത്ത പരിപാടിയെ ഐ.എസ്, അല്‍- ഖ്വയ്ദ പരിപാടിയായി ചിത്രീകരിച്ച ജനം ടി.വി വാര്‍ത്തയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നടന് സലിം കുമാര്‍. കറുത്ത ഷര്‍ട്ടും കറുത്ത തൊപ്പിയും ധരിച്ചാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സലിംകുമാര്‍ പങ്കെടുത്തത്. പ്രതിഷേധം എന്ന നിലയ്ക്കാണ് ഈ വസ്ത്രമണിഞ്ഞതെന്ന് സലിം കുമാര്‍ പറഞ്ഞു.
ഈയൊരു കാര്യത്തിന്റെ പേരില്‍ എന്തും അനുഭവിക്കാന്‍ ഞാന്‍ തയാറാണ്. സലിം കെ.ഉമ്മര്‍ എന്നാണ് എന്നെ ആക്ഷേപിച്ചത്. സലാം കുമാര്‍ എന്നും ചിലര്‍ വിളിച്ചു. എന്നെ ബിന്ലാദനുമാക്കി. കുറേ മാസങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം എക്സ്ക്ലൂസിവ് വാര്‍ത്തയാക്കിയത് തെറ്റാണ്. കുട്ടികളോട് ചാനല്‍ മാപ്പു ചോദിക്കണം. കാരണം അവര്‍ ഭാവിയെ നയിക്കേണ്ടവരാണ്. തനിക്ക് ഭീഷണിയുണ്ടാവുമെന്നും ക്രൂശിക്കപ്പെടാമെന്നും അങ്ങനെയൊരു കാലമാണിതെന്നും സലിം കുമാര്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ കോളജില്‍ നടന്ന പരിപാടിയെ ആണ് അല്‍-ഖ്വയ്ദ സാന്നിധ്യമെന്ന രീതിയില്‍ ജനം ടി.വി വാര്‍ത്ത നല്‍കിയത്. ഒരു അടിസ്ഥാനവുമില്ലാതെ ബിഗ് ബ്രേക്കിങ് ആയാണ് വാര്‍ത്ത നല്‍കിയത്. കറുത്ത വസ്ത്രം ധരിച്ച് അറേബ്യന്‍ ശൈലിയില്‍ തട്ടം ചുറ്റി വിദ്യാര്‍ഥികള്‍ ആഘോഷറാലി നടത്തുന്നതിന്റെ ദൃശ്യം ഇതിനായി ഉപയോഗിച്ചു. നടന് സലിം കുമാറായിരുന്നു പരിപാടിയിലെ മുഖ്യാതിഥി.
വാര്‍ത്ത വ്യാജമെന്ന് തെളിയുകയും ചാനലിനെതിരെ കടുത്ത വിമര്‍ശനമുയരുകയും ചെയ്തെങ്കിലും മാപ്പ് പറയാനോ തെറ്റ് ഏറ്റുപറയാനോ ചാനല്‍ തയ്യാറായിട്ടില്ല. അതിനിടെ, ഐ.എസിന്റെ പതാകകള്‍ കത്തിച്ചുകൊണ്ട് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."