കാഞ്ഞങ്ങാട് ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷം; ഇരുപത് പേര്‍ക്ക് പരുക്കേറ്റു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മാവുങ്കാലില്‍ ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഇരുപത് പേര്‍ക്ക് പരുക്കേറ്റു. പത്ത് പൊലിസുകാര്‍ക്കും ഏഴ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്. ബി.ജെ.പി - ആര്‍.എസ്.എസ് ശക്തികേന്ദ്രമായ കോട്ടപ്പാറയില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യുവജന പ്രതിരോധസംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെയാണ് ബി.ജെ.പി - ആര്‍.എസ്.എസ് ആക്രമണമുണ്ടായത്.
പരുക്കേറ്റ ഏഴ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരില്‍ രണ്ടു പേരുടെ നില ഗുരുതുരമാണ്. ഗുരുതരമായി പരുക്കേറ്റ മടിക്കൈയിലെ ആദര്‍ശ്, ശ്യാംജിത്ത് എന്നിവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മടിക്കൈയിലെ കുഞ്ഞമ്പു, രാജന്‍, പാലായിലെ മധു, നീലേശ്വരം പാലക്കാട്ടെ അനില്‍കുമാര്‍, നാഗേന്ദ്രന്‍ എന്നിവര്‍ നീലേശ്വരം സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. മാവുങ്കാലില്‍ പൊലിസ് ലാത്തിച്ചാര്‍ജില്‍ അര്‍.എസ്.എസ് കാര്യവാഹക് ശ്രീജിത്ത്, പൂച്ചക്കാട് രാജന്‍, പുതിയകണ്ടത്തെ പ്രസാദ് എന്നിവരാണ് പരുക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകര്‍.
നെല്ലിത്തറ, മാവുങ്കാല്‍ ഭാഗങ്ങളില്‍ വച്ചാണ് രൂക്ഷമായ ആക്രമണമുണ്ടായത്. വൈകീട്ട് 5.30 ഓടെയാണ് അക്രമണങ്ങള്‍ക്ക് തുടക്കം. പ്രതിരോധസംഗമം പരിപാടിയിലേക്ക് വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ പോകുമ്പോള്‍ തന്നെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചിരുന്നതായും ഡി.വൈ .എഫ്.ഐ ആരോപിച്ചു. പരിപാടി കഴിഞ്ഞ് വാഹനങ്ങളില്‍ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. പൊലിസ് കണ്‍ട്രോള്‍ റൂമിന്റെ വാഹനം തല്ലിത്തകര്‍ത്തു.
[caption id="attachment_405211" align="alignnone" width="620"] സംഘര്‍ഷം നടന്ന മാവുങ്കാലില്‍[/caption]
ഇതേതുടര്‍ന്ന് മാവുങ്കാലില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ ഇവരെ പിരിച്ചുവിടാന്‍ പൊലിസ് 10 തവണ ഗ്രനേഡും, ടിയര്‍ ഗ്യാസും പ്രയോഗിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ദേശീയപാത വഴിയുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരന്‍, സി.ഐ മധു എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പൊലിസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ദേശീയപാത വഴി ഗതാഗതം സ്തംഭിച്ചതോടെ ചാലിങ്കാല്‍ നിന്നും വെള്ളിക്കോത്ത് വഴി കാഞ്ഞങ്ങാട്ടേക്ക് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഒരു മണിക്കൂര്‍ നേരമാണ് ഗതാഗതം സ്തംഭിച്ചത്.
[caption id="attachment_405213" align="alignnone" width="620"] സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട പൊലിസ് കണ്‍ട്രോള്‍ റൂം വാഹനം[/caption]
ദേശീയപാത കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും കെ.എസ്.ടി.പി റോഡിലേക്കും വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. പൊലിസ് ശക്തമായ നടപടിയെടുത്തതോടെ പിന്നീട് ദേശീയപാതയിലെ ഗതാഗതം പൂര്‍വസ്ഥിതിയിലായി. അമ്പതോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കോട്ടപ്പാറയില്‍ വളഞ്ഞുവെച്ചിരുന്നു. പൊലിസിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇവരെ പിന്നീട് സ്ഥലത്ത് നിന്നും സുരക്ഷിതമായി മാറ്റി.
ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കോട്ടപ്പാറയില്‍ യുവജന പ്രതിരോധസംഗമം സംഘടിപ്പിച്ചത്. ബി.ജെ.പി-ആര്‍.എസ്.എസ് ശക്തികേന്ദ്രമായ ഇവിടെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധസംഗമത്തില്‍ സംഘര്‍ഷമുണ്ടാകുമെന്ന് പൊലിസ് രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ പൊലിസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് മാവുങ്കാലിലാണ് രൂക്ഷമായ കല്ലേറും ആക്രമണവും നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."