സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: തലസ്ഥാനത്ത് സമസ്ത നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങള്‍ക്കനുസരിച്ച് വ്യവസ്ഥാപിതവും നിയമാനുസൃതമായി നടന്നു വരുന്ന മഹല്ലുകളില്‍ മനപൂര്‍വ്വം കുഴപ്പങ്ങള്‍ സൃഷ്ടിച്ചും, പള്ളി മദ്‌റസകള്‍ കൈയ്യേറിയും പ്രവര്‍ത്തകരെ മര്‍ദ്ദിച്ചും ചില ചിദ്രശക്തികള്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അടച്ചു പൂട്ടപ്പെട്ട പള്ളികളും മദ്‌റസകളും തുറന്നു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും മറ്റ് സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ടുമാണ് സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
9760 മദ്‌റസകള്‍ക്കും, ഏഴായിരത്തോളം വരുന്ന മഹല്ലുകള്‍ക്കും ആയിരക്കണക്കിന് മറ്റു സ്ഥാപനങ്ങള്‍ക്കും, നേതൃത്വം നല്‍കി വരുന്ന കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. നാട്ടില്‍ പരസ്പര സ്‌നേഹവും, സമുദായ മൈത്രിയും സുദൃഡമാക്കുന്നതില്‍ സമസ്ത വലിയ പങ്കാണ് വഹിക്കുന്നതെന്നും സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സമസ്തയെന്നും നേതാക്കള്‍ മുഖ്യമന്ത്രിയെ ബോധിപ്പിച്ചു.
കൂടാതെ വഖഫ് ട്രൈബ്യൂണല്‍ പോലുള്ള പദവികളില്‍ സത്യസന്ധമായും നിഷ്പക്ഷമായും നീതിപൂര്‍വ്വമായും തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ള നിയമജ്ഞരെ നിയമിക്കണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്‌ലിയാര്‍, ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി കുര്യാട്, എന്‍.ശംസുദ്ദീന്‍ എം.എല്‍.എ, സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് എക്‌സിക്യുട്ടീവ് മെമ്പര്‍ എം.സി മായീന്‍ ഹാജി, സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാന്‍ പി.എ ജബ്ബാര്‍ ഹാജി, സമസ്ത മാനേജര്‍ കെ.മോയീന്‍കുട്ടി മാസറ്റര്‍, ഹസ്സന്‍ ആലംകോട്, അഹമ്മദ് റഷാദി ചുള്ളിമാനൂര്‍ എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."