മുരുകന്റെ കുടുംബത്തിന് പത്തു ലക്ഷം
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സ ലഭിക്കാതെ മരിച്ച തിരുനെല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതം നല്‍കാനാണ് തീരുമാനം. ഈ തുക ബാങ്കില്‍ നിക്ഷേപിക്കുകയും പലിശ മുരുകന്റെ ഭാര്യ മുരുകമ്മാളിന് നല്‍കുകയും ചെയ്യും. മുരുകന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും ഇന്നലെ രാവിലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
നിയമസഭയില്‍ രാവിലെ തന്നെ കാണാനെത്തിയ കുടുംബത്തിന് മുഖ്യമന്ത്രി സഹായം ഉറപ്പു നല്‍കിയിരുന്നു. മുരുകന്റെ ഭാര്യ മുരുകമ്മാളും, രണ്ട് മക്കളും, സഹോദരിയും മറ്റ് അടുത്ത ബന്ധുക്കളുമാണ് നിയമസഭാ മന്ദിരത്തിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം ദുരനുഭവം ഭാവിയില്‍ ആര്‍ക്കും ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും അത്യാഹിതങ്ങളുണ്ടാകുമ്പോള്‍ തീവ്രപരിചരണം ഉറപ്പാക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും വ്യക്തമാക്കി.
മുരുകന്റെ മക്കളായ ഗോകുല്‍, രാഹുല്‍ എന്നിവരെ അടുത്ത് വിളിച്ച് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. മുരുകന് ചികിത്സ നിഷേധിച്ച ആശുപത്രികളുടെ അലംഭാവത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നടപടികളില്‍ കുടുംബം നന്ദി അറിയിച്ചു. കുട്ടികളുടെ പഠനത്തിനും സ്വന്തമായി വീട് പോലുമില്ലാത്ത തങ്ങള്‍ക്ക് ജീവിതം മുന്‍പോട്ട് കൊണ്ടുപോകുന്നതിനും സഹായം അഭ്യര്‍ഥിച്ചുളള നിവേദനവും കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."