ആദിവാസിവൃദ്ധന്റെ മൃതദേഹം മറവുചെയ്തത് വീട്ടുമുറ്റത്ത്
വെള്ളമുണ്ട: ഭൂമിയുടെ അവകാശികളെന്ന് ആദിവാസി വിഭാഗങ്ങളെ വിശേഷിപ്പിക്കാറുണ്ടെങ്കിലും വയനാട്ടിലെ വെള്ളമുണ്ട ചെറുകര മുടപ്പിലാവില്‍ കോളനി നിവാസികള്‍ക്ക് മരിച്ചാല്‍ മറവ് ചെയ്യാന്‍ ആറടി മണ്ണ് പോലും സ്വന്തമായില്ല. ജീവിതകാലം മുഴുവന്‍ ഭൂമിക്കും അതിലൊരു വീടിനും വേണ്ടി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി രോഗം ബാധിച്ച് മരണപ്പെട്ടതോടെ മൃതദേഹം മറവുചെയ്യാന്‍ സ്ഥലം തേടി നടക്കേണ്ട ദുരിതത്തിലാണ് മണ്ണിന്റെ മക്കള്‍.
കോളനിയില്‍ കഴിഞ്ഞദിവസം അര്‍ബുദം പിടിപെട്ട് മരണപ്പെട്ട കറപ്പന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലമന്വേഷിച്ച് മണിക്കൂറുകളാണ് കോളനിവാസികള്‍ നടന്നത്. ഒടുക്കം വൈകുന്നേരത്തോടെ വീടിന്റെ ഒരു ഭാഗത്ത് ടോയ്‌ലറ്റിനോട് ചേര്‍ന്ന് കുഴിയെടുത്ത് മൃതദേഹം മറവു ചെയ്യേണ്ടിവന്നു. വെള്ളമുണ്ട ചെറുകര മുടപ്പിലാവ് ആദിവാസി കോളനിയില്‍ 20 കുടുംബങ്ങളാണുള്ളത്. കോളനി സ്ഥിതി ചെയ്യുന്നത് വെറും 30 സെന്റിലും. 20 കുടുംബങ്ങളിലായി നൂറിലധികം അംഗങ്ങളാണ് ഇവിടെതാമസിക്കുന്നത്. സൗകര്യപ്രദമായ വീട്, കുടിവെള്ളം, വൈദ്യുതി, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എല്ലാം ഇവര്‍ക്കന്യമാണ്.
നേരത്തെ ഈ കോളനിയിലുള്ളവര്‍ മരണപ്പെട്ടാല്‍ സമീപത്തെ പുഴപുറമ്പോക്കിലായിരുന്നു സംസ്‌കരിച്ചിരുന്നത്. എന്നാല്‍ ഈ സ്ഥലം ചിലര്‍ കൈയേറി ഇഷ്ടികക്കളമാക്കിയതും മറ്റുചിലര്‍ കൃഷിയിറക്കിയതുമാണ് കോളനിക്കാര്‍ക്ക് തിരിച്ചടിയായത്. സ്വന്തം സ്ഥലമല്ലാത്തതിനാല്‍ അവകാശവാദം ഉന്നയിക്കാനും ഇവര്‍ക്കാവില്ല. കോളനിയിലാകട്ടെ കുടുംബാംഗങ്ങളുടെ എണ്ണം കൂടിയതോടെ വീട് വയ്ക്കാന്‍ പോലും സ്ഥമില്ലാതായി. പൊതുശ്മശാനം നിര്‍മിക്കാന്‍ പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശവും ഫണ്ടും അനുവദിച്ചെങ്കിലും വെള്ളമുണ്ടയുള്‍പ്പെടെ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും ഇത് പ്രയോജനപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."