സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു
തിരുവനന്തപുരം: രാജ്യത്തിന്റെ 71ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. കൊച്ചി സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസി. പൊലിസ് കമ്മിഷണര്‍ ഡോ. കാര്‍ത്തികേയന്‍ ഗോകുലചന്ദ്രനായിരുന്നു പരേഡ് കമാന്‍ഡര്‍.
സായുധ സേനാ ഘടകങ്ങളായ മലബാര്‍ സ്‌പെഷ്യല്‍ പൊലിസ്, സ്‌പെഷ്യല്‍ ആംഡ് പൊലിസ്, കേരള സായുധ പൊലിസിന്റെ അഞ്ച് ബറ്റാലിയന്‍, ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍, കര്‍ണാടക സ്‌റ്റേറ്റ് പൊലിസ്, തിരുവനന്തപുരം സിറ്റി പൊലിസ്, കേരള വനിതാ പൊലിസ്, കേരള ജയില്‍ വകുപ്പ്, കേരള എക്‌സൈസ് വകുപ്പ്, കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വിസസ്, കേരള വനം വകുപ്പ്, കേരള മോട്ടോര്‍ വാഹന വകുപ്പ്, സൈനിക സ്‌കൂള്‍, എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ ആര്‍മി (ആണ്‍കുട്ടികള്‍), സീനിയര്‍ വിങ് ആര്‍മി (പെണ്‍കുട്ടികള്‍), എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍ നേവല്‍ വിങ് (ആണ്‍കുട്ടികള്‍), എയര്‍ വിങ് (ആണ്‍കുട്ടികള്‍), സ്റ്റുഡന്റ് പൊലിസ് കേഡറ്റ്‌സ് (ആണ്‍കുട്ടികളും പെണ്‍കുട്ടികളും), സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, പൊലിസ് ശ്വാന സേന, തിരുവനന്തപുരം സിറ്റി അശ്വാരൂഢ പൊലിസ് എന്നിവര്‍ പരേഡില്‍ അണിനിരന്നു.
തിരുവനന്തപുരം സ്‌പെഷ്യല്‍ ആംഡ് പൊലിസും കേരള ആംഡ് പൊലിസിന്റെ മൂന്നാം ബറ്റാലിയനും അഞ്ചാം ബറ്റാലിയനും തിരുവനന്തപുരം സിറ്റി പൊലിസും ബാന്‍ഡ് സംഘങ്ങളുമായി പരേഡില്‍ പങ്കെടുത്തു. തുടര്‍ന്ന്, രാഷ്ട്രപതിയുടെ പൊലിസ് മെഡലുകള്‍, ഫയര്‍ സര്‍വീസ് മെഡലുകള്‍, ജീവന്‍ രക്ഷാ പതക്കങ്ങള്‍, മുഖ്യമന്ത്രിയുടെ പൊലിസ് മെഡലുകള്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസ് മെഡലുകള്‍, പ്രിസണ്‍ മെഡലുകള്‍, എക്‌സൈസ് മെഡലുകള്‍, ഫോറസ്റ്റ് മെഡലുകള്‍, ട്രാന്‍സ്‌പോര്‍ട്ട് മെഡലുകള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു. 2017 ലെ പരേഡില്‍ ഏറ്റവും നല്ല പൊലിസ് കണ്ടിജന്റിനുള്ള മുഖ്യമന്ത്രിയുടെ റോളിങ് ട്രോഫി കേരള സായുധ പൊലിസ് ഒന്നാം ബറ്റാലിയനും ഏറ്റവും നല്ല നോണ്‍ പൊലിസ് കണ്ടിജന്റിനുള്ള റോളിങ് ട്രോഫി എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ ആര്‍മി ആണ്‍കുട്ടികള്‍ക്കും മുഖ്യമന്ത്രി സമ്മാനിച്ചു.
സായുധസേന പതാകദിനത്തില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച തൃശൂര്‍ ജില്ലക്ക് മുഖ്യമന്ത്രിയുടെ റോളിങ് ഷീല്‍ഡും സമ്മാനിച്ചു. കാസര്‍കോടും മലപ്പുറം എന്‍.സി.സി 29 (കെ) ബറ്റാലിയനും മലപ്പുറം കൊണ്ടോട്ടി ഇ.എം.ഇ.എ കോളജും സമ്മാനം ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."