ചെറുകിട തുറമുഖങ്ങളുടെ നടത്തിപ്പിന് മാരിടൈം ബോര്‍ഡ്: ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെ നിയന്ത്രണത്തിനും നടത്തിപ്പിനുമായി കേരള മാരിടൈം ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. മെഡിക്കല്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ബഹളത്തിനിടയില്‍ ചര്‍ച്ചയില്ലാതെയാണ് ബില്‍ സബ്ജക്ട് കമ്മിറ്റിക്കു വിട്ടത്.
ചെറുകിട തുറമുഖങ്ങളുടെയും തീരദേശ കപ്പല്‍ ഗതാഗതത്തിന്റെയും ഉള്‍നാടന്‍ ജലഗതാഗതത്തിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് തുറമുഖ, ജലവിഭവ, മത്സ്യബന്ധന വകുപ്പുകളും സംസ്ഥാന മാരിടൈം കോര്‍പറേഷനുമാണ്. പദ്ധതികളുടെ ഏകോപനത്തിന് ഇത് തടസമാകുന്നുണ്ട്.
എന്നാല്‍ പദ്ധതികള്‍ ഫലപ്രദമായി പൂര്‍ത്തിയാക്കാന്‍ ബോര്‍ഡിന്റെ രൂപീകരണത്തോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഇതിനായി കേരള മാരിടൈം സൊസൈറ്റിയെയും കേരള മാരിടൈം വികസന കോര്‍പറേഷനെയും ബോര്‍ഡില്‍ ലയിപ്പിക്കും.
തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇത്തരം സ്ഥാപനങ്ങളെ ലയിപ്പിച്ച് മാരിടൈം ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ബോര്‍ഡിന് സര്‍ക്കാര്‍ വകുപ്പുകളേക്കാള്‍ കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യമുണ്ടാകും. തീരദേശ സുരക്ഷയും ബോര്‍ഡിന്റെ പരിധിയില്‍ വരും. ഇതിനു വേണ്ടി തീരരക്ഷാ സേനയുടെയും നാവികസേനയുടെയും പ്രാതിനിധികളെ ബോര്‍ഡില്‍ ഉണ്ടള്‍പെടുത്തും. മാരിടൈം നിയമത്തിലും ഷിപ്പിങ്ങിലും പരിജ്ഞാനമുള്ള ആളായിരിക്കും ബോര്‍ഡ് ചെയര്‍മാന്‍.
കേന്ദ്ര സര്‍ക്കാരിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഐ.എ.എസ് ഓഫിസറെ വൈസ് ചെയര്‍മാന്‍ കം സി.ഇ.ഒ ആയി നിയമിക്കും. മത്സ്യബന്ധനം, ധനകാര്യം, നിയമം തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറിമാരും നാവികസേന, കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥരും വിഴിഞ്ഞം തുറമുഖത്തിന്റെ സി.ഇ.ഒയും എക്‌സ് ഒഫിഷ്യോ അംഗങ്ങളായിരിക്കും. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന രണ്ട് അംഗങ്ങളും ബോര്‍ഡിലുണ്ടാകും. കൊച്ചിയിലായിരിക്കും ബോര്‍ഡിന്റെ ആസ്ഥാനം. ചരക്കുകള്‍ക്കും ജലയാനങ്ങള്‍ക്കും വ്യത്യസ്ത തുറമുഖങ്ങളില്‍ ചുങ്കം, ഉപയോഗനികുതി എന്നിവ ചുമത്താന്‍ ബോര്‍ഡിന് അധികാരമുണ്ടാകും. ഇതു നല്‍കാത്ത ജലയാനങ്ങളും ചരക്കുകളും തടഞ്ഞുവയ്ക്കാനും ജപ്തി ചെയ്യാനും ബോര്‍ഡിന് അധികാരമുണ്ടണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."