60 വയസിനു മുകളിലുള്ള എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും ഓണക്കോടി നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്തെ 60 വയസിനു മുകളിലുള്ള മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും സൗജന്യ ഓണക്കോടി വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 51,476 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനു 3.93 കോടി രൂപ ചെലവു വരും.
പട്ടിക വര്‍ഗക്കാര്‍ക്ക് ഓണക്കാലത്ത് പതിനഞ്ച് കിലോ അരിയും എട്ട് ഇനം പലവ്യഞ്ജനങ്ങളുമടങ്ങിയ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യും. 1.55 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഭക്ഷ്യഭദ്രതാ നിയമപ്രകാരം മുന്‍ഗണനാ വിഭാഗത്തില്‍പെട്ട 30 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ നല്‍കും. അന്ത്യോദയ അന്ന യോജന വിഭാഗത്തില്‍പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ നല്‍കും. സംസ്ഥാനത്തെ 81 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് 22 രൂപ നിരക്കില്‍ ഒരു കിലോ വീതം സ്‌പെഷ്യല്‍ പഞ്ചസാര വിതരണം ചെയ്യും.
കേരള അഗ്രോ മെഷിനറി കോര്‍പറേഷനിലെ തൊഴിലാളികളുടെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച ദീര്‍ഘകാല കരാറിലെ അപാകത പരിഹരിക്കും. വര്‍ക്കുമെന്‍ കാറ്റഗറിയിലുളള ജീവനക്കാര്‍ക്കാണ് ഈ തീരുമാനം ബാധകമാവുക. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിലെ വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കും. വിരമിച്ചവരുടെ ഏറ്റവും കൂടിയ പ്രതിമാസ പെന്‍ഷന്‍ 41,500 രൂപയാകും. ഏറ്റവും കൂടിയ കുടുംബ പെന്‍ഷന്‍ 24,900 രൂപയാകും. ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ 8,500 രൂപയാകും. കോഴിക്കോട് ജില്ലയിലെ ഫറോക്ക് ഇ.എസ്.ഐ ആശുപത്രിയില്‍ റീജിണല്‍ ലാബോറട്ടറി സ്ഥാപിക്കാന്‍ മൂന്ന് ലാബ് ടെക്‌നീഷ്യന്‍ (ഗ്രേഡ് 2) തസ്തികകള്‍ സൃഷ്ടിക്കും.
കൊല്ലം മുഖത്തല എം.ജി.ടി.എച്ച് സ്‌കൂളിലെ തൂണ്‍ തകര്‍ന്ന് മരിച്ച നിശാന്തിന്റെ മാതാപിതാക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈ കുടുംബത്തിന് മൂന്നു ലക്ഷം അനുവദിച്ചിട്ടുണ്ട്. ഈ തുക അവര്‍ക്കു കൈമാറിയിട്ടുണ്ടെങ്കില്‍ ബാക്കി രണ്ടു ലക്ഷം രൂപയാണ് നല്‍കുക. തിരുവനന്തപുരം ആറ്റിപ്ര വില്ലേജില്‍ പൗണ്ട് കടവില്‍ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ സ്ഥാപിക്കുന്നതിന് ഭവന നിര്‍മാണ ബോര്‍ഡിന് രണ്ട് ഏക്കര്‍ സ്ഥലം പാട്ടത്തിനു നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."