ബംഗളൂരുവില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണവുമായി ഇന്ദിരാ കാന്റീന്‍
ബംഗളൂരു: തമിഴ്‌നാട്ടിലെ അമ്മ കാന്റീന്‍ മാതൃകയില്‍ ബംഗളൂരുവില്‍ ഇന്ദിരാകാന്റീന്‍ പ്രവര്‍ത്തനം തുടങ്ങി.
പാവങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഭക്ഷണം വിതരണം ചെയ്യാനായി സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് ഇന്ദിരാ കാന്റീന്‍ തുടങ്ങിയത്. മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ പേരില്‍ തുടങ്ങിയ കാന്റീനിന്റെ ഉദ്ഘാടനം സ്വാതന്ത്ര്യദിനത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു.
ജയാനഗറിലെ കാന്റീനില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചാണ് രാഹുല്‍ കാന്റീന്‍ ഉദ്ഘാടനം ചെയ്തത്. ബംഗളൂരു നഗരത്തില്‍ ആരും ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് രാഹുല്‍ പറഞ്ഞു. ശുചിത്വവും രുചികരവുമായ ഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശപ്പ് രഹിത ബംഗളൂരു എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഇന്ദിരാ കാന്റീന്‍ തുടങ്ങിയതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കാന്റീനില്‍ പ്രാതലിന് അഞ്ചു രൂപയും ഉച്ചയൂണിന് 10 രൂപയും നല്‍കിയാല്‍ മതി.
ബംഗളൂരുവിലെ എല്ലാ വാര്‍ഡുകളിലും ഓരോ കാന്റീന്‍ വീതമാണ് തുറക്കുന്നത്. ഇവയില്‍ ഏഴെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഓരോ കാന്റീനിലും മൂന്നുനേരവും 300 മുതല്‍ 500 പേര്‍ക്ക് ഭക്ഷണം ലഭ്യമാക്കും. പദ്ധതിക്കായി 100 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."