സൈറ ലിയോണിലെ മണ്ണിടിച്ചില്‍; മരണം 400 കവിഞ്ഞു
ഫ്രീടൗണ്‍: ആഫ്രിക്കന്‍ രാജ്യമായ സൈറ ലിയോണിന്റെ തലസ്ഥാനമായ ഫ്രീടൗണിലുണ്ടായ മണ്ണിടിച്ചിലില്‍ മരണസംഖ്യ 400 കവിഞ്ഞു. 600 പേരെ കാണാതായിട്ടുണ്ടെന്ന് പ്രസിഡന്റിന്റെ വക്താവ് അബ്ദുല്ലായ് ബറാതെ അറിയിച്ചു. രാജ്യത്ത് അടിയന്തര സഹായം എത്തിക്കാനും ഏഴു ദിവസം ദേശീയ ദുഃഖാചരണത്തിനും പ്രസിഡന്റ് ഏണസ്റ്റ് ബൈ കൊറോമ ഉത്തരവിട്ടു.
റെഗെന്റ് മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും ഉരുള്‍പൊട്ടി. നിരവധി പേരുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്തുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബുധനാഴ്ച ഇവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചു. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും കനത്ത വെള്ളപ്പൊക്കമാണ്. അതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ടെന്ന് റെഡ്‌ക്രോസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ദുരിതാശ്വാസ സഹായവുമായി രംഗത്തുണ്ട്. രാജ്യത്ത് കോളറ, ടൈഫോയ്ഡ്, അതിസാരം എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് യു.എന്‍ വക്താവ് സ്്റ്റീഫന്‍ ദുജാരിക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."