ദേശീയ കനോയിങ് സ്പ്രിന്റ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് 15 മെഡല്‍
ആലപ്പുഴ: രണ്ടാമത് ദേശീയ കനോയിങ് സ്പ്രിന്റ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് മികച്ച നേട്ടം. സീനിയര്‍, ജൂനിയര്‍ ആണ്‍ -പെണ്‍ വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ 15 മെഡലുകള്‍ നേടിയാണ് കേരളം വരവറിയിച്ചത്. ഭോപ്പാലിലെ ലോവര്‍ ലെയ്ക്കില്‍ കഴിഞ്ഞ 14ന് തുടക്കം കുറിച്ച മേളയില്‍നിന്നും നാലു വെള്ളിയും 11 വെങ്കലവുമാണ് കേരളം തുഴഞ്ഞെടുത്തത്.
കേരളത്തിന്റെ ആന്റണി മൈക്കിള്‍,നിഖില്‍ ആന്റണി, അമല്‍ വി.എസ്, ആദര്‍ശ് പി അനില്‍കുമാര്‍,ആഷഌ മോള്‍, രഞ്ജിത്ത് ടി.ടി, ബിനോയ് ദേവസ്യ എന്നിവരാണ് കേരളത്തിനായി മെഡല്‍ നേടിയത്. മൂന്നു ദിവസങ്ങളായി നടന്ന മേള ഇന്നലെ സമാപിച്ചു. ഇത് ആദ്യമായിട്ടാണ് കേരളം ഇത്രയും മെഡലുകള്‍ നേടുന്നത്. കേരളത്തിലെ കനോയിങ് ആന്റ് കയാക്കിങ് ഫെഡറേഷനെ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് പിരിച്ചുവിട്ട സാഹചര്യത്തില്‍ ഇന്ത്യന്‍ ഫെഡറേഷന്‍ നിര്‍ദേശിച്ച താല്‍ക്കാലിക കമ്മിറ്റിയാണ് താരങ്ങളെ മത്സരത്തിന് അയച്ചത്.സ്വന്തമായി സ്വരൂപിച്ച പണവുമായാണ് ഇവര്‍ മത്സരത്തില്‍ പങ്കെടുത്തത്. അതേസമയം സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സായിയുടെയും കീഴില്‍ പരിശീലിക്കുന്ന താരങ്ങള്‍ ഒന്നും തന്നെ മത്സരത്തില്‍ പങ്കെടുത്തിരുന്നില്ല.
ലക്ഷങ്ങള്‍ ചെലവിട്ട് പരിശീലനം നല്‍കുന്ന താരങ്ങള്‍ക്ക് ഇത് മൂന്നാം തവണയാണ് ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനുളള അവസരം നഷ്ടമാകുന്നത്. ദേശീയ ഫെഡറേഷന്‍ ചുമതല നല്‍കിയ താല്‍കാലിക കമ്മിറ്റിയെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിക്കാതെ കൈമലര്‍ത്തിയതാണ് താരങ്ങള്‍ക്ക് മത്സരിക്കാന്‍ അവസരം നഷ്ടമാക്കിയത്. കഴിഞ്ഞ ദേശീയ ഗെയിംസില്‍ തുഴച്ചില്‍ മത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറിയും പരിശീലകനും നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മിറ്റിയെ പിരിച്ചുവിട്ടത്.എന്നാല്‍ ഇത്തവണ മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ താരങ്ങളും മെഡല്‍ നേടിയത് പിരിച്ചുവിട്ട കമ്മിറ്റിക്ക് തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു. മെഡല്‍ നേടിയ താരങ്ങളെയെല്ലാം വര്‍ഷങ്ങളായി മുന്‍ കമ്മിറ്റി തഴഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."