പത്ര ഏജന്റിനെ വധിക്കാന്‍ ശ്രമിച്ച കേസ്: മൂന്നുപേര്‍ അറസ്റ്റില്‍
കൊയിലാണ്ടി: ചേലിയയില്‍ പത്രഏജന്റിനെ ക്രൂരമായി ആക്രമിച്ച് പരുക്കേല്‍പിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ മൂന്നു പേരെ കൊയിലാണ്ടി പൊലിസ് അറസ്റ്റ് ചെയ്തു. ചേമഞ്ചേരി സ്വദേശി മുണ്ടന്‍ കണ്ടി ശ്രീലേഷ് (34), പന്തലായനി പൂക്കാട്ട് വീട്ടില്‍ അമല്‍ (24), കീഴരിയൂര്‍ മണ്ഡലം ആര്‍.എസ്.എസ് കാര്യവാഹകായ നടുവത്തൂര്‍ തെക്കെത്തവണിക്കുഴിയില്‍ സുധീഷ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മറ്റൊരു പ്രതിയായ കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവറും എളാട്ടേരി സ്വദേശിയുമായ ഷാജി ഒളിവിലാണ്.
മെയ്15 നായിരുന്നു സംഭവം. ചേലിയയിലെ വിവിധ പത്രങ്ങളുടെ ഏജന്റായ മീത്തലെവീട്ടില്‍ ഹരിദാസന്‍ പണിക്കര്‍ (55) പുലര്‍ച്ചെ 4.30 ഓടെ പത്ര കെട്ടുകള്‍ എടുത്ത് വിതരണത്തിനായി പോകവേ ബൈക്ക് തടഞ്ഞ് നിര്‍ത്തി പ്രതികള്‍ ആക്രമിക്കുകയായിരുന്നു. രണ്ട് മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ഇദേഹം ഇപ്പോഴും വീട്ടില്‍ കിടപ്പിലാണ്. കൊയിലാണ്ടി സി.ഐ കെ. ഉണ്ണികൃഷ്ണന്‍, എസ്.ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബൈക്കിലെത്തിയവരായിരുന്നു ആക്രമിച്ചതെന്ന് ഹരിദാസന്‍ മൊഴി നല്‍കി.
പിടിയിലായ ഷാജി കണ്ണൂര്‍ ജില്ലയില്‍ 18 ഓളം കേസുകളില്‍ പ്രതിയാണ്. അമല്‍ പന്തലായനിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. ആര്‍.എസ്.എസ് കാര്യാവാഹക് ശ്രീലേഷാണ് അക്രമിക്കാന്‍ ഏര്‍പ്പാടാക്കിയതെന്നാണ് വിവരം. ചേലിയയില്‍ നേരത്തെ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ശ്രീലേഷിനെ കൈയേറ്റം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായി സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഭാസ്‌കരനെ ലക്ഷ്യം വെച്ചായിരുന്നു അക്രമം ആസൂത്രണം ചെയ്തത്.
എന്നാല്‍ ആള് മാറി ഹരിദാസനെ ആക്രമിക്കുകയായിരുന്നു. സി.ഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
കെ.കെ വേണു, ടി.സി ബാബു, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍, പി. പ്രദീപ്, എം.പി ശ്യാം, കെ. രാജേഷ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ റാഷിദ്, രജ്ഞിത്ത്, അജിത്ത്, സിനു, പ്രേമന്‍, എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തോടൊപ്പം കോഴിക്കോട് റൂറല്‍ സൈബര്‍ സെല്ലിന്റെ സഹായവും ലഭിച്ചതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."