ജീവന്‍ രക്ഷിച്ച മൊയ്തുവിനെ വിടാതെ നായയുടെ സ്‌നേഹപ്രകടനം
നാദാപുരം: കുത്തിയൊഴുകുന്ന മലവെള്ളത്തില്‍നിന്നു ജീവന്‍ രക്ഷിച്ച മൊയ്തുവിനെ വിടാതെ നായയുടെ സ്‌നേഹപ്രകടനം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് വീടിന് സമീപമുള്ള പുഴയില്‍നിന്ന് വാണിമേല്‍ പരപ്പുപാറയിലെ ചേരാനാണ്ടി മൊയ്തു നിര്‍ത്താതെയുള്ള നായയുടെ കരച്ചില്‍ കേട്ടത്.
തുടര്‍ന്ന് അദ്ദേഹം കരച്ചില്‍ കേട്ട സ്ഥലത്തെത്തിയപ്പോള്‍ കരയോടു ചേര്‍ന്ന വള്ളിക്കെട്ടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നായ മരണത്തോടു മല്ലടിക്കുകയായിരുന്നു. ഉടന്‍ വീട്ടില്‍ പോയി ആയുധവുമായി തിരിച്ചെത്തിയ മൊയ്തു സാഹസികമായി വള്ളികള്‍ അറുത്തുമാറ്റി നായയെ രക്ഷപ്പെടുത്തി. അപ്പോള്‍ തുടങ്ങിയതാണ് നായക്ക് മൊയ്തുവിനോടുള്ള സ്‌നേഹം.
കരയിലേക്കു കയറി അല്‍പ്പസമയത്തിനുശേഷം മൊയ്തുവിന്റെ അടുത്തെത്തിയ നായ പിരിയാത്ത കൂട്ടുകാരനാവുകയായിരുന്നു. ജുമുഅക്കു പോയ മൊയ്തുവിനെ പിന്തുടര്‍ന്ന നായ നിസ്‌കാരം കഴിയുന്നതുവരെ പുറത്തു കാവലിരിക്കുകയും വീട്ടിലേക്കു കൂടെ വരികയും ചെയ്തു. പിന്നീട് മൊയ്തു പോകുന്ന സ്ഥലങ്ങളിലെല്ലാം നായയുടെ സാന്നിധ്യവും ഉണ്ടാകും.
നായയുടെ സ്‌നേഹപ്രകടനം കൂടിയതോടെ വീട്ടുകാര്‍ എന്തു ചെയ്യണമെന്നറിയാത്ത പരിഭ്രമത്തിലാണിപ്പോള്‍. ഇന്നലെ മുതല്‍ ഇതിനെ ചങ്ങലയില്‍ ബന്ധിച്ച് ആവശ്യമായ ഭക്ഷണം നല്‍കുകയാണ് വീട്ടുകാര്‍ ചെയ്യുന്നത്. നായയെ സുരക്ഷിതമായി സംരക്ഷിക്കുന്ന ആര്‍ക്കെങ്കിലും കൈമാറണമെന്നാണ് പ്രവാസിയായ മൊയ്തുവിന്റെ ആഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."