സ്വാതന്ത്ര്യദിനാഘോഷം ആഘോഷമില്ലാതെ ഗെയ്ല്‍ ഇരകള്‍
നടുവണ്ണൂര്‍: സ്വാതന്ത്ര്യത്തിന്റെ എഴുപതാംപിറന്നാള്‍ ദിനത്തില്‍ സ്വാതന്ത്ര്യദിനാഘോഷമില്ലാതെ കോട്ടൂരിലെ ഗെയ്ല്‍ ഗ്യാസ് പൈപ്പ് ലൈന്‍ ഇരകള്‍. കലാ സാംസ്‌കാരിക സംഘടനകളിലും രാഷ്ട്രീയ പാര്‍ട്ടികളിലും വിദ്യാലയങ്ങളിലും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ സാധാരണ സജീവമായി പങ്കെടുക്കുന്നവരാണ് ഈ പ്രതിഷേധ സമരത്തില്‍ ഒത്തുചേര്‍ന്നത്.
കോട്ടൂര്‍ പടിയക്കണ്ടി അങ്ങാടിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാത്തതിന്റെ കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് വലിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഗെയ്ല്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഗെയിലിന്റേയും മെക്കോണ്‍, കല്പതരു കോണ്‍ട്രാക്ടര്‍മാരുടെയും ഗ്യാസ് പൈപ്പ് ലൈന്‍ ചുറ്റിവരിഞ്ഞുള്ള ചങ്ങലക്കെട്ടുകളില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന ചിത്രവും സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന വാചകങ്ങളും ആലേഖനം ചെയ്തതാണ് അങ്ങാടിയില്‍ സ്ഥാപിച്ച ബോര്‍ഡ്. ഉടമസ്ഥരുടെ സമ്മതമില്ലാതെ വീടും പുരയിടവും മരങ്ങളും കൃഷിയിടവും വയലും തണ്ണീര്‍ത്തടവും നശിപ്പിച്ച് ഗെയിലിന്റെ സര്‍വാധിപത്യം. കടന്നാക്രമണവും പിടിച്ചെടുക്കലും അടിമത്തമാണ് സ്വാതന്ത്ര്യമില്ലായ്മയുടെ കയ്പ്‌നീര് കുടിക്കുന്ന ഗെയ്ല്‍ ഇരകള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ മധുരമില്ല, പതാക ഉയര്‍ത്തലില്ല, ആഘോഷമില്ല.
ഗെയ്ല്‍ ചെയ്യുന്നത് മനുഷ്യാവകാശ ലംഘനവും ഭരണഘടനാപരമായ നീതിയുടെ നിഷേധവുമാണ്. പ്രതിരോധിക്കുക, അന്തിമ വിജയം വരെ എന്നാണ് ബോര്‍ഡില്‍ ആലേഖനം ചെയ്തിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ രാവിലെ ബോര്‍ഡിനടുത്ത് ഗെയ്ല്‍ ഇരകള്‍ ഒത്തുകൂടി. പതാകയുയര്‍ത്താതെ ഒരു കൊടിമരം മാത്രം. ഗെയ്ല്‍ അനുവാദമില്ലാതെ പിറന്ന മണ്ണ് പിടിച്ചെടുക്കുമ്പോള്‍ സ്വാതന്ത്ര്യമില്ലാതെ എങ്ങിനെയൊരു സ്വാതന്ത്ര്യ ദിനാഘോഷം എന്ന് ആലേഖനം ചെയ്ത ഒരു ചെറിയ ബോര്‍ഡു കൂടെ കൊടിമരത്തില്‍ കെട്ടിയുറപ്പിച്ചു കൊണ്ട് പ്ലക്കാര്‍ഡുകളുമേന്തി സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധ പ്രകടനം നടത്തി.
സംയുക്ത സമരസമിതിയും സംയുക്ത കര്‍ഷക വേദിയുമാണ് വേറിട്ട ഈ ഗെയില്‍ വിരുദ്ധ പ്രതിഷേധ സമരം സ്വാതന്ത്ര്യ ദിനത്തില്‍ സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."