ആര്‍ദ്രം മിഷന്‍; ഉദ്ഘാടനത്തിനൊരുങ്ങി കുടുബാരോഗ്യ കേന്ദ്രങ്ങള്‍
കല്‍പ്പറ്റ: സര്‍ക്കാര്‍ ആശുപത്രികളെ രോഗീ സൗഹൃദമാക്കുന്നതിനായി നവകേരള മിഷന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം ദൗത്യത്തിലൂടെ ജില്ലയിലെ നാല് പ്രാധമിക ആരോഗ്യ കേന്ദ്രങ്ങളെ വിപുലമായ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന നടപടികള്‍ അവസാന ഘട്ടത്തിലേക്ക്. നൂല്‍പ്പുഴ, പൂതാടി, അപ്പപ്പാറ, വേങ്ങപ്പള്ളി തുടങ്ങിയവയാണ് കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി മാറുന്നത്. ഇതിന്റെ പ്രവര്‍ത്തികള്‍ നിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഏതാണ്ട് പൂര്‍ത്തീകരിച്ചിട്ടുള്ളതായി ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.
നാഷനല്‍ ഹെല്‍ത്ത് റൂറല്‍ മിഷന്‍ പ്രവത്തനങ്ങള്‍ സംബന്ധിച്ച് കലക്ടറേറ്റില്‍ കൂടിയ ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതി യോഗത്തില്‍ അധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവയുടെ ഉദ്ഘാടനം ഈ മാസം തന്നെ നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട മിഷനുകളിലൊന്നാണ് ഇതോടെ പ്രരംഭഘട്ടം പൂര്‍ത്തിയാക്കുന്നത്.
51 ലക്ഷം രൂപയാണ് നിര്‍മിതി കേന്ദ്രത്തിന് ഇതിനായി നല്‍കിയത്. ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ രാവിലെ എട്ടുമുതല്‍ ആറുവരെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. വരുന്ന രോഗികള്‍ക്ക് ടോക്കണ്‍, കുടിവെള്ളം, ഇരിപ്പിടം, ടി.വി.തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. നൂല്‍പ്പുഴയില്‍ ജില്ലാതല ഉദ്ഘാടനം നടത്താനാണ് തയാറെടുപ്പ് നടക്കുന്നത്.
ദേശീയ ആരോഗ്യ മിഷന് 2016-17 കാലയളവില്‍ അനുവദിച്ച 1290 ലക്ഷത്തില്‍ 1262 ലക്ഷം രൂപയും ചെലവഴിച്ചു. 98 ശതമാനം തുകയും വിനിയോഗിക്കാനായതായി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അരിവാള്‍ രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ പത്തോളജി വകുപ്പിന്റെ നേതൃത്വത്തില്‍ ആദിവാസി മേഖലയിലെ മുഴുവന്‍പേരെയും പരിശോധനയ്ക്ക് വിധേയമാക്കി. മാനന്തവാടി ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് ക്വാട്ടേഴ്‌സ് പണി പൊലിസുമായിട്ടുള്ള സ്ഥലം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് മുടങ്ങിയ കാര്യം ഉദ്യോഗസ്ഥര്‍ കലക്ടര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. പൊലിസുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അടുത്ത ജില്ലാവികസന സമിതിയോഗത്തില്‍ അജണ്ടയാക്കി ഇത് വയ്ക്കണമെന്നും കലക്ടര്‍ അറിയിച്ചു.
404 ലക്ഷം രൂപ മുടക്കി 2009 ല്‍ ഭരണാനുമതി ലഭിച്ച് തുടങ്ങിയ മാനന്തവാടി എടവക പഞ്ചായത്തിലെ ജില്ലാ കാന്‍സര്‍ സെന്ററിന്റെ നിര്‍മാണ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു. ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ എം.എല്‍.എമാര്‍, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നിര്‍മിതി കേന്ദ്രം, പി.ഡബ്ല്യൂ.ഡി, ട്രൈബല്‍ വകുപ്പ് എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ യോഗം ചേരുമെന്ന് കലക്ടര്‍ അറിയിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ വിവേക് കുമാര്‍, എന്‍.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ.ബി അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."