തൃശ്ശിലേരിക്ക് ഉത്സവമായി കമ്പളനാട്ടിയുടെ പുനരാവിഷ്‌ക്കാരം
മാനന്തവാടി: തൃശ്ശിലേരിക്ക് ഉത്സവമായി കമ്പളനാട്ടിയുടെ പുനരാവിഷ്‌ക്കാരം. 10 കര്‍ഷകരാണ് അപ്പപ്പാറക്കടുത്ത് കാക്കവയലില്‍ 30 ഏക്കറോളം പാടത്ത് പരമ്പരാഗത നെല്‍വിത്തുകള്‍ ഉപയോഗിച്ചുള്ള നെല്‍കൃഷി നടത്തുന്നത്. സൗഹൃദ കാര്‍ഷിക സംഘം സ്വന്തം നിലയില്‍ കൃഷിയിറക്കുന്ന ഒന്‍പത് ഏക്കര്‍ പാടത്താണ് ഗ്രാമീണ ആഘോഷമായി കമ്പളനാട്ടി നടത്തിയത്.
പരമ്പരാഗത വാദ്യങ്ങളായ തുടിയുടെയും ചീനിയുടെയും താളത്തിനൊത്ത് ഞാറ് നടാന്‍ വിദ്യാര്‍ഥികളും വിരുന്നെത്തി. എടയൂര്‍കുന്ന് ജി.എല്‍.പി സ്‌കൂളിലെയും മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ക്ക് കമ്പളനാട്ടി വേറിട്ട അനുഭവമായി. തൊണ്ടി, പാല്‍തൊണ്ട് മട്ട, പാല്‍തൊണ്ടി വെള്ള, ഗന്ധകശാല, മുള്ളന്‍ കയമ, വലിയ ചെന്നെല്ല് എന്നീ ആറിനങ്ങളാണ് ഈ ഒന്‍പത് ഏക്കറില്‍ കൃഷി ചെയ്യുന്നത്. ബോളപ്പൈരുമനും ചോമി പെരിയാട്ടിയുമാണ് കമ്പളനാട്ടിക്ക് തുടക്കം കുറിച്ചത്. ഒരു ഗ്രാമമാകെ കമ്പളനാട്ടിയില്‍ പങ്കാളികളാക്കി.
നാട്ടി ഉത്സവത്തിനെത്തിയവര്‍ക്ക് ഗന്ധകശാല അരിയില്‍ ഉണ്ടാക്കിയ പാല്‍പ്പായസമടക്കമുള്ള സദ്യയും ഒരുക്കിയിരുന്നു. പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് സംഘത്തിലെ കര്‍ഷകര്‍ 40 നെല്‍വിത്തിനിങ്ങള്‍ കൃഷി ഇറക്കി സംരക്ഷിച്ച് വരുന്നുണ്ട്. നാടുണര്‍ന്ന് ചെയ്യേണ്ടതാണ് നെല്‍കൃഷിയെന്നും ഇത് ഒരു സാമൂഹ്യ പ്രവര്‍ത്തിയാണെന്നുമുള്ള തിരിച്ചറിവാണ് സൗഹൃദ കാര്‍ഷികസംഘം വിപുലമായ തോതിലുള്ള കമ്പളനാട്ടി ഒരുക്കാന്‍ കാരണമായത്. ഒ.ആര്‍ കേളു എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളും കൃഷിയെ സ്‌നേഹിക്കുന്ന നിരവധി ആളുകളും കമ്പളനാട്ടിക്ക് സാക്ഷികളാകാനെത്തി. രാജേഷ് കൃഷ്ണന്‍, ഒ.വി ജോണ്‍സണ്‍, വി.കെ ശ്രീധരന്‍, സി.ഒ ജോസ് എന്നിവര്‍ കമ്പളനാട്ടിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."