എന്റെ മകന്റെ വിധി മറ്റാര്‍ക്കും വരരുത്: ഷാഖി
തലശ്ശേരി ജഗന്നാഥ് ഐ.ടി.സിയില്‍ നിന്നു ഡ്രാഫ്റ്റ്മാന്‍ കോഴ്‌സ് റാങ്കോടെ ജയിച്ച മിടുക്കനായിരുന്നു സാവന്ത്. പ്രമുഖ പൊതുമേഖലാ സ്ഥാപനത്തില്‍ സാവന്തിന് ജോലിക്കുള്ള നിയമന ഉത്തരവ് ലഭിക്കുകയും ചെയ്തിരുന്നുവത്രെ. മിടുക്കനായ സാവന്തിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് അമ്മ ഷാഖി പറഞ്ഞു. നേരത്തെയുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഗെയിമില്‍ ഏറെ തത്പരനായിരുന്ന സാവന്തിന് വലിയ സൗഹൃദ ബന്ധങ്ങളുണ്ടായിരുന്നില്ല. കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പുതിയൊരു മൊബൈല്‍ ഫോണ്‍ വാങ്ങുകയും ചെയ്തിരുന്നു. മൊബൈലിലുള്ള ഗെയിം കാണുന്നതിനും കളിക്കുന്നതിനും മണിക്കൂറുകള്‍ ചെലവഴിക്കുകയും ചിലപ്പോഴൊക്കെ ചില അസ്വാഭാവിക ദൃശ്യങ്ങള്‍ ചിലരെ കാണിക്കുകയും ചെയ്തിരുന്നു. മരണത്തെ ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളായിരുന്നു മിക്കതും. ഒരുദിവസം തന്നെ ഇനി കാണേണ്ടതില്ലെന്നും താന്‍ വിദൂരമായ ഒരു സ്ഥലത്തേക്ക് പോകുകയാണെന്നും വീട്ടുകാരെ അിറയിക്കുകയും ചെയ്തിരുന്നു. ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും ചേര്‍ന്ന് ഏറെനേരം അന്വേഷിച്ചതിനു ശേഷം സാവന്തിനെ തലശ്ശേരി പഴയ കടല്‍പ്പാലത്തില്‍ വച്ച് കണ്ടുമുട്ടുകയും ചെയ്തിരുന്നു. കൈയിലുണ്ടായിരുന്ന പുസ്തകക്കെട്ടുകള്‍ മുഴുവന്‍ കടലില്‍ വലിച്ചെറിഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് സാവന്തിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നെങ്കിലും പഴയ അവസ്ഥയിലുള്ള കുട്ടിയായി ഒരിക്കലും മാറാതെ മറ്റേതോ ലോകത്ത് ജീവിക്കുന്നതായാണ് കുടുംബക്കാര്‍ക്കും അനുഭവപ്പെട്ടതത്രെ. പിന്നീട് ഇക്കഴിഞ്ഞ 19ന് വീടിന്റെ മുകള്‍ നിലയിലേക്ക് കയറിപ്പോവുകയും ശരീരത്തില്‍ മുറിവുകളുണ്ടാക്കി ആത്മഹത്യ ചെയ്യുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വിവിധ ദൃശ്യമാധ്യമങ്ങളില്‍ ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് തന്റെ മകന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇതിന് സമാനമായ ഗെയിമില്‍ പങ്കാളിയാണെന്ന് അമ്മ തിരിച്ചറിയുന്നത്. തന്റെ മകന് നേരിട്ടഅസ്വാഭാവികമായ ദുരന്തം മറ്റു മക്കള്‍ക്ക് ഉണ്ടാവരുതെന്ന പ്രാര്‍ഥനയിലാണ് ഷാഖി. അസ്വാഭാവികമായ ചില പെരുമാറ്റങ്ങള്‍ നേരത്തെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മന:ശാസ്ത്ര ഡോക്ടറുടെ ചികിത്സക്കായി കൊണ്ടുപോവുകയും ചെയ്തിരുന്നു. സാവന്ത് ഉപയോഗിച്ച ലാപ്‌ടോപ്പില്‍ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ മുറിവുകള്‍ ഏല്‍പ്പിച്ച നിരവധി ദൃശ്യങ്ങള്‍ കാണുന്നതായും ബന്ധുക്കള്‍ പറയുന്നു. തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇന്നലെ സാവന്തിന്റെ വീട്ടിലെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. സാവന്തിന്റെ സുഹൃത്തുക്കളില്‍ നിന്നും പൊലിസ് മൊഴി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."