റസീന്റെ നിലവിളിയും നാട്ടുകാരുടെ പ്രതീക്ഷയും വിഫലമാക്കി റുമൈസ യാത്രയായി
കാസര്‍കോട്: 20 മാസം പ്രായമായ കുഞ്ഞു മോന് റസീന്റെ നിലവിളിയും നാട്ടുകാരുടെ പ്രതീക്ഷയും വിഫലമാക്കി റുമൈസ യാത്രയായി. കെ.കെ ചേരൂരിലെ അബ്ദുല്‍ റാഷിദിന്റെ ഭാര്യയും വിദ്യാനഗര്‍ പന്നിപ്പാറയിലെ അബൂബക്കര്‍ ഹാജി, താഹിറ എന്നിവരുടെ മകളുമായ റമീസ(23 )യുടെ ചേതനയറ്റ ശരീരം പുഴയില്‍ തെരച്ചില്‍ നടത്തിയ നാട്ടുകാര്‍ കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതോടെ പെരുമ്പള പാലത്തിനു സമീപം കണ്ടെത്തുകയായിരുന്നു.
പൊലിസ്, അഗ്നിരക്ഷാസേന, തീരദേശ സംരക്ഷണ, നാട്ടുകാര്‍ എന്നിവര്‍ ഇരുപത്തിനാലു മണിക്കൂര്‍ ഇടതടവില്ലാതെ നടത്തിയ തെരച്ചിലിനൊടുവിലാണ് റുമൈസയുടെ മൃതദേഹം കണ്ടെത്തിയത്.
സന്ദര്‍ശന വിസയില്‍ ഭര്‍ത്താവിനൊപ്പം ഗള്‍ഫില്‍ പോയിരുന്ന റുമൈസ ഈ മാസം ഒന്നിനാണു നാട്ടിലേക്കു തിരിച്ചു വന്നത്. റുമൈസയുടെ ഫോണ്‍ വീട്ടിനകത്തു നിന്നു ശബ്ദിക്കുന്നത് തുടര്‍ന്നതോടെയാണ് വീട്ടുകാര്‍ റുമൈസയെ അന്വേഷിച്ചു തുടങ്ങിയത്.
തുടര്‍ന്നു പലയിടത്തും അന്വേഷിച്ചെങ്കിലും കാണാതെ വന്നതോടെയാണു വീടിനു സമീപത്തു തന്നെയുള്ള പുഴയില്‍ റുമൈസ വീണതായി വീട്ടുകാര്‍ സംശയിച്ചത്. ഇതേ തുടര്‍ന്നു വിദ്യാനഗര്‍ പൊലിസില്‍ വീട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു.
പ്രദേശ വാസികള്‍ തോണിയില്‍ ലൈറ്റുകള്‍ കെട്ടി പുലരും വരെ തെരച്ചില്‍ നടത്തി. റുമൈസ പുഴയില്‍ വീണെന്ന സംശയം ശക്തമായതോടെ പ്രദേശവാസികളും വിവരമറിഞ്ഞെത്തിയ ആളുകളും ഇവരെ ജീവനോടെ തിരിച്ചു കിട്ടണമെന്ന പ്രാര്‍ത്ഥനയിലായിരുന്നു.
ഇതിനിടെ റുമൈസയുടെ കൊച്ചുമോന് ഉമ്മയെ വിളിച്ചു നിലവിളിക്കുന്നത് കൂടിനിന്നവരില്‍ മനോവേദന ഉണ്ടാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."