പടന്നക്കാട് നെഹ്റു കോളജില്‍ എസ്.എഫ്.ഐ ഉപരോധം
നീലേശ്വരം: പടന്നക്കാട് നെഹ്റു കോളജില്‍ എസ്.എഫ്.ഐ ഉപരോധം. പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണു കോളജ് ഓഫിസും പ്രിന്‍സിപ്പലിന്റെ ഓഫിസും എസ്.എഫ്.ഐക്കാര്‍ ഉപരോധിച്ചത്. ഓഫിസും ക്ലാസ്മുറികളും തുറക്കാനാകാതെ പടന്നക്കാട് നെഹ്റു കോളജില്‍ ബുധനാഴ്ച അധ്യയനം മുടങ്ങി. വിവിധ പഠനവകുപ്പുകളുടെ താക്കോലുകള്‍ അതത് അധ്യക്ഷന്മാരുടെ കൈയിലായിരുന്നതിനാല്‍ തുറന്നു പ്രവര്‍ത്തിച്ചു. സര്‍ക്കാരിന്റെയും യു.ജി.സിയുടെയും നിര്‍ദേശപ്രകാരം രണ്ടു ലക്ഷം രൂപ ചെലവില്‍ കോളജ് വരാന്തയില്‍ സ്ഥാപിച്ച കാമറകള്‍ കേടുവരുത്തിയതിനാണു കേസ് കൊടുത്തതെന്നു പ്രിന്‍സിപ്പല്‍ ഡോ.പി.വി പുഷ്പജ പറഞ്ഞു. 15 കാമറകളില്‍ രണ്ടെണ്ണം തകര്‍ത്തുവെന്നും 14 എണ്ണത്തിനു കറുത്ത പ്ലാസ്റ്റര്‍ ഒട്ടിച്ചു പ്രവര്‍ത്തനം തടഞ്ഞുവെന്നുമായിരുന്നു പരാതി. ഓഗസ്റ്റ് ഏഴിനായിരുന്നു ഇത്. മാനേജ്മെന്റ് നിര്‍ദേശ പ്രകാരം 11 നാണു പ്രിന്‍സിപ്പല്‍ ഇതു സംബന്ധിച്ചു പൊലിസില്‍ പരാതി നല്‍കിയത്. കോളജ് യൂനിയന്‍ മുന്‍ ചെയര്മാന് കൂടിയായ അജേഷിനെതിരായ കേസ് പിന്‍വലിക്കണമെന്നാണു എസ്.എഫ്.ഐയുടെ പ്രധാന ആവശ്യം. അജേഷിനു തുടര്‍പഠനത്തിനു സഹായമാകും വിധം സ്വഭാവ സര്‍ട്ടിഫിക്കറ്റു നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ബുധനാഴ്ച ക്ലാസ്മുറികളുടെ താക്കോല്‍ എടുക്കുന്നതിനു ആവശ്യമെങ്കില്‍ ഓഫിസ് മുറി തുറക്കാന്‍ തങ്ങള്‍ അനുവദിച്ചിരുന്നുവെന്നും ജില്ലാ സെക്രട്ടറി കെ. മഹേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."