സൊസൈറ്റി സെക്രട്ടറി കീഴടങ്ങി സഹകരണ സംഘത്തിലെ മുക്കുപണ്ടം തട്ടിപ്പ്
പയ്യന്നൂര്‍: കരിവെള്ളൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നു മുക്കുപണ്ടം പണയപ്പെടുത്തി 2.98 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതിയും സൊസൈറ്റി സെക്രട്ടറിയും അപ്രൈസറുമായ കെ.വി പ്രദീപ്(40) പയ്യന്നൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് കെ.വി പ്രദീപന്‍ അച്ഛനും സുഹൃത്തുക്കള്‍ക്കുമൊപ്പം വക്കീലുമായി കോടതിയില്‍ ഹാജരായത്. പ്രതിയെ വിട്ടുകിട്ടാന്‍ അടുത്തദിവസം തന്നെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ എം.പി ആസാദ് പറഞ്ഞു.
കോടികളുടെ വെട്ടിപ്പ് നടന്ന സൊസൈറ്റിയില്‍ വന്‍ തുക നിക്ഷേപിച്ചവര്‍ ആശങ്കയിലാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്നവരടക്കം വന്‍ തുകകളാണ് സൊസൈറ്റിയില്‍ നിക്ഷേപിച്ചിട്ടുള്ളത്.
മാണിയാട്ട് സ്വദേശികളായ ഇ. നാരായണന്‍, പി. പ്രശാന്ത്, രമിത, സഹോദരന്‍ പ്രദീപന്‍, കരിവെള്ളൂരിലെ കെ.വി ബൈജു, പിലിക്കോട് സ്വദേശി സുജേഷ് എന്നിവരടങ്ങുന്ന സംഘമാണ് തട്ടിപ്പ് നടത്തിയത്. ഇവരില്‍ പലരും 12 തവണ വരെ മുക്കുപണ്ടം പണയം വച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
മറ്റ് ഇടപാടുകാര്‍ പണയം വച്ച ആഭരണങ്ങള്‍ പോലും മറിച്ചുവില്‍ക്കുകയും മറ്റ് ബാങ്കുകളില്‍ പണയം വയ്ക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കെ.വി പ്രദീപനും സുഹൃത്ത് കെ. പ്രശാന്തും സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. സൊസൈറ്റി പ്രസിഡന്റിനെതിരേ കരിവെള്ളൂരിലും പരിസരത്തും വ്യാപകമായി പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."