നടിയെ ആക്രമിച്ച സംഭവം: പി.സി ജോര്‍ജിനെ വിമര്‍ശിച്ച് വീണ്ടും സ്പീക്കര്‍
കോഴിക്കോട്: നടിയെ ആക്രമിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എം.എല്‍.എയെ വിമര്‍ശിച്ച് വീണ്ടും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സംഭവത്തില്‍ നടിയെ പരിഹസിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്നും ഇത്തരം സംഭവങ്ങളിള്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ ന്യായീകരണ വാദവുമായി രംഗത്തുവന്നാല്‍ അത് ക്രിമിനലുകള്‍ക്ക് പ്രോത്സാഹനമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്പീക്കര്‍ പി.സി ജോര്‍ജിനെ പരോക്ഷമായി വിമര്‍ശിച്ചത്.
പി ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പൊലിസ് അന്വേഷിക്കുന്നതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഏതെങ്കിലും കേസിലെ പ്രതികളെ സംബന്ധിച്ചോ അവര്‍ക്ക് ലഭിക്കേണ്ട ശിക്ഷയെ സംബന്ധിച്ചോ എന്തെങ്കിലും പറയാന്‍ ഞാന്‍ ആളല്ല. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. അതിനിടയില്‍ കയറി അഭിപ്രായം പറയുന്ന ശീലമെനിക്കില്ല.
എന്നാല്‍ അര്‍ദ്ധരാത്രിയില്‍ ജോലി കഴിഞ്ഞ് മടങ്ങവേ നിര്‍മ്മാതാവ് ഏര്‍പ്പെടുത്തിയ കാറിനുള്ളില്‍ വച്ച് രണ്ടര മണിക്കൂറോളം മാനസികവും ശാരീരികവുമായ പീഡനത്തിനിരയായതായി ഒരു നടി പരാതിപ്പെടുകയും ഞെട്ടലോടെ കേരളം അത് കേള്‍ക്കുകയും ചെയ്തതാണ്.
'അങ്ങനെ ആക്രമിക്കപ്പെട്ടവള്‍ രണ്ടാംദിവസം ഷൂട്ടിങ്ങിനുപോകുമോ '
എന്ന മട്ടിലുള്ള പരിഹാസ പ്രയോഗങ്ങള്‍ ഇതേക്കുറിച്ചു നടത്തുന്നത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്നാണ് എന്റെ നിലപാട്. ശരിയാണെന്നു തോന്നുന്നവര്‍ക്ക് ഐക്യപ്പെടാം. അല്ലാത്തവര്‍ക്ക് വിയോജിക്കാം.
ഇത്തരം സംഭവങ്ങളിള്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ ന്യായീകരണ വാദവുമായി രംഗത്തുവന്നാല്‍ അത് ക്രിമിനലുകള്‍ക്ക് പ്രോത്സാഹനമാകും. ആരുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ ഇത്തരം കമന്റുകള്‍ ഉണ്ടാകാന്‍ പാടില്ല എന്ന അഭിപ്രായത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ഒരു മനുഷ്യന്‍ എന്ന നിലയിലുള്ള എന്റെ ഉറച്ച ബോധ്യമാണിത്. ഈ സംഭവത്തില്‍ ഞാന്‍ വഹിക്കുന്ന സ്ഥാനവുമായി ബന്ധപ്പെട്ട് എന്തു ചെയ്യാന്‍ കഴിയുമെന്ന് ചില സുഹൃത്തുക്കള്‍ ചോദിക്കുകയുണ്ടായി. തീര്‍ച്ചയായും സാധ്യമായതെല്ലാം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."