ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞു
തിരുവനന്തപുരം: ഡാമുകളിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5 മുതല്‍ 10 മീറ്റര്‍ വരെ കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി മാത്യു ടി. തോമസ് നിയമസഭയില്‍ അറിയിച്ചു. മഴയുടെ ലഭ്യത ഈ വര്‍ഷം 27 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.
ജൂണ്‍ ഒന്നു മുതല്‍ ഈ മാസം 9 വരെയുള്ള കണക്കനുസരിച്ചാണ് ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ജലവിനിയോഗവും സംരക്ഷണവും കാര്യക്ഷമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. കുളങ്ങള്‍, തോടുകള്‍ എന്നിവ പുനരുദ്ധരിക്കും. അതോടൊപ്പം ഭൂജലപോഷണ പ്രവര്‍ത്തനങ്ങള്‍, ജലദുരുപയോഗം കുറയ്ക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍, ജല പുനരുപയോഗം വര്‍ധിപ്പിക്കല്‍, ജല മലിനീകരണം ഇല്ലാതാക്കല്‍, നദികളില്‍നിന്ന് ജലമെടുക്കുന്നതിന് നിയന്ത്രണം എന്നിവ ഫലപ്രദമായി നടപ്പാക്കും.
ജലവിതരണ പൈപ്പുകളിലെ ചോര്‍ച്ചയും കനാലുകളില്‍നിന്നുള്ള ജലനഷ്ടവും ഒഴിവാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ച് വരികയാണ്. അതിന്റെ ഭാഗമായി പഴകിയതും നിലവാരം കുറഞ്ഞതുമായ പൈപ്പുകള്‍ മാറ്റിസ്ഥാപിച്ച് കൊണ്ടിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കനാലുകള്‍ ശുചീകരിച്ച് ജലസംരക്ഷണം ഉറപ്പാക്കും.
അന്തര്‍ സംസ്ഥാന കരാര്‍വഴി ലഭിക്കുന്ന ജലം പൂര്‍ണമായും കിട്ടുന്നില്ല. ഏറ്റുമുട്ടലിലേക്ക് കടക്കാതെ സമവായത്തിലൂടെ കേരളത്തിന് ലഭിക്കേണ്ട ജലം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."