അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ നടപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സമയവായത്തിലൂടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പി.ടി തോമസ് ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഒരുതുള്ളി വെള്ളംപോലും പദ്ധതിമൂലം നഷ്ടപ്പെടില്ല. നീരൊഴുക്ക് തടസപ്പെടാതിരിക്കാന്‍ വെള്ളച്ചാട്ടം നിലനിര്‍ത്തിക്കൊണ്ടാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നിലനിര്‍ത്തിക്കൊണ്ടുതന്നെയാകും പദ്ധതി നടപ്പാക്കുക. പദ്ധതിപ്രദേശത്ത് ആദിവാസികള്‍ താമസമില്ലെങ്കിലും പദ്ധതിപ്രദേശത്തിന് മുകളിലായി താമസിക്കുന്ന ആദിവാസികളുടെ പുനരധിവാസംകൂടി കണക്കിലെടുത്താണ് പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 163 മെഗാവാട്ട് ശേഷിയാണ് പദ്ധതിക്ക് കണക്കാക്കിയിട്ടുള്ളത്.
ജലലഭ്യത അനുസരിച്ച് പ്രതിവര്‍ഷം 350 മില്യണ്‍ യൂനിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിരപ്പിള്ളി പദ്ധതിക്കായി സമര്‍പ്പിച്ച പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും സെന്‍ട്രല്‍ എന്‍വയോണ്‍മെന്റല്‍ അപ്രൈസല്‍ കമ്മിറ്റി തൃപ്തികരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പദ്ധതിക്കെതിരേയുള്ള പരാതികള്‍ പരിശോധിച്ചതിനുശേഷം 2015ല്‍ വനം, പരിസ്ഥിതി അനുമതി പുനഃസ്ഥാപിച്ച് ലഭിച്ചിട്ടുണ്ട്.
കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സാമ്പത്തിക, സാങ്കേതിക അനുമതി ഉള്‍പ്പെടെ നിയമപരമായ എല്ലാ അനുമതികളും പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി സംഘടനകള്‍ക്കും ചില രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമുള്ള അഭിപ്രായങ്ങള്‍ പരിശോധിച്ച് സമവായം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."