കെ.എ.എസ്: ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് (കെ.എ.എസ്)നടപ്പാക്കുന്നതിന്റെ ഭാഗമായി കരട് രൂപരേഖ തയാറാക്കാന്‍ യൂനിയന്‍ നേതാക്കളുമായി ചീഫ് സെക്രട്ടറി നളിനി നെറ്റോ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി കരട് രേഖയുടെ പകര്‍പ്പ് കത്തിച്ചു. ഭരണപക്ഷ സംഘടനകളും കരടിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.
അണ്ടര്‍ സെക്രട്ടറി ഗ്രേഡിലുള്ള 10 ശതമാനം തസ്തികകളെ മാത്രമേ കെ.എ.എസില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് വിരുദ്ധമാണ് കരട് രൂപരേഖയെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പ് കരടില്‍ ഉണ്ടാകണമെന്ന് സി.പി.എം സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും വാദിച്ചു.
കെ.എ.എസിനെതിരേ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹരജി 23ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു ചര്‍ച്ച നടത്തുന്നതിന് പ്രസക്തിയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു.
കരട് രേഖയില്‍ മുഖ്യമന്ത്രിയുടെ ഉറപ്പിന് വിരുദ്ധമായി സെക്രട്ടേറിയറ്റിലെ 35 ശതമാനം തസ്തികകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 140 തസ്തികകളാണ് ഇതിലൂടെ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് നഷ്ടപ്പെടുക. അണ്ടര്‍ സെക്രട്ടറി വരെയുള്ള തസ്തികകളെ മാത്രമേ കെ.എ.എസില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍, കരടില്‍ അണ്ടര്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡിഷനല്‍ സെക്രട്ടറി, സ്‌പെഷല്‍ സെക്രട്ടറി വരെയുള്ള തസ്തികകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ അണ്ടര്‍ സെക്രട്ടറിക്ക് ഡെപ്യൂട്ടി സെക്രട്ടറിയായി പ്രൊമോഷന്‍ കിട്ടാന്‍ മൂന്നരവര്‍ഷം മതി. കെ.എ.എസില്‍ അണ്ടര്‍ സെക്രട്ടറിയായി ജോലിയില്‍ കയറുന്നയാള്‍ക്ക് ഡെപ്യൂട്ടി സെക്രട്ടറിയാവണമെങ്കില്‍ എട്ടുവര്‍ഷം കഴിയണം.
ഡെപ്യൂട്ടി സെക്രട്ടറി ജോയിന്റ് സെക്രട്ടറിയാവാന്‍ ആറുവര്‍ഷവും. പിന്നെ 6 വര്‍ഷം കഴിഞ്ഞാലേ അഡിഷനല്‍ സെക്രട്ടറിയാവുകയുള്ളൂ. സ്‌പെഷല്‍ സെക്രട്ടറിയാവാന്‍ എട്ടുവര്‍ഷം കഴിയണം. ഇതിനെ ഒരുരീതിയിലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."