മലേഗാവ് സ്‌ഫോടനം: പുരോഹിതിന്റെ ജാമ്യ ഹരജി; വിധി ഒക്ടോബര്‍ 10ന്
ന്യൂഡല്‍ഹി: 2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ സംഘ്പരിവാര്‍ പ്രവര്‍ത്തകനായ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന്റെ ഇടക്കാല ജാമ്യം തേടിയുള്ള ഹരജിയില്‍ വിധി പറയാനായി മാറ്റി. ജസ്റ്റിസുമാരായ ആര്‍.കെ അഗര്‍വാള്‍, എ.എം സപറേ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കഴിഞ്ഞ ഒമ്പതു വര്‍ഷമായി പുരോഹിത് ജയിലിലാണെന്നും എന്നാല്‍ ഇതുവരെ അദ്ദേഹത്തിനെതിരേ കുറ്റം തെളിയിക്കാനായിട്ടില്ലെന്നും പുരോഹിതിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ വാദിച്ചു.
അദ്ദേഹത്തിനെതിരേ മകോക പ്രകാരം ചാര്‍ജ് ചെയ്ത കുറ്റങ്ങള്‍ ഇതിനകം ഒഴിവാക്കിയിട്ടുണ്ടെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയ, 2008ലെ സ്‌ഫോടനത്തില്‍ പുരോഹിതിന് പങ്കുണ്ടെന്നതിന് സഹായകമായ തെളിവുകള്‍ ഉണ്ടെന്ന് എന്‍.ഐ.എയ്ക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനിന്ദര്‍ സിങ് പറഞ്ഞു. ഇതോടെ കേസ് വിധിപറയാനായി ഒക്ടോബര്‍ പത്തിലേക്ക് മാറ്റി.
ബോംബൈ ഹൈക്കോടതി ജാമ്യഹരജി തള്ളിയതിനെ തുടര്‍ന്നാണ് പുരോഹിത് സുപ്രിംകോടതിയെ സമീപിച്ചത്. പ്രതി ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന സ്‌ഫോടനത്തിലെ ഇരയുടെ പിതാവിന്റെ വാദം അംഗീകരിച്ച ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."