ബഹ്റൈനെ അട്ടിമറിക്കാന്‍ ഖത്തര്‍ ശ്രമിച്ചെന്ന് ആരോപണം; രേഖകള്‍ ബഹ്റൈന്‍ ടെലിവിഷന്‍ പുറത്തുവിട്ടു
മനാമ: ബഹ്റൈനില്‍ അക്രമങ്ങള്‍ നടത്താനും ഭരണകൂടത്തെ അട്ടിമറിക്കാനും ഖത്തര്‍ ശ്രമിച്ചതായ ആരോപണവുമായി ബഹ്റൈന്‍ ടെലിവിഷന്‍. ഇതുമായി ബന്ധപ്പെട്ട രേഖകളും ടെലിഫോണ്‍ സംഭാഷണങ്ങളും ബഹ്റൈന്‍ ടെലിവിഷന്‍ പുറത്തുവിട്ടു. നേരത്തെ ബഹ്്റൈന്‍ വാര്‍ത്താ ഏജന്‍സിയും ഇത്തരം രേഖകള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ ടെലിഫോണ്‍ സംഭാഷണങ്ങളും രേഖകളും ബഹ്റൈന്‍ ടി.വി പുറത്തുവിട്ടത്.
2011 ഫെബ്രുവരിയില്‍ ബഹ്റൈനിലെ പ്രതിപക്ഷ കക്ഷിയായ അല്‍ വിഫാഖിന്റെ നേതൃത്വത്തില്‍ നടന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ സഹായം ചെയ്തുവെന്നും ഇതിന്റെ ഭാഗമായി അല്വിഫാഖിലെ ശീഈ പ്രമുഖരുമായി ഖത്തര്‍ ഭരണകൂടം ടെലിഫോണ്‍ സംഭാഷണം നടത്തിയെന്നുമാണ് ചാനല്‍ പുറത്തുവിട്ട ടെലിഫോണ്‍ ശബ്ദരേഖയിലൂടെ ആരോപിക്കുന്നത്.
മുന്‍ ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ ആല്‍ഥാനി, ബഹ്റൈനിലെ നിരോധിത സംഘടനയായ അല്വാഫഖ് ഇസ്ലാമിക് സൊസൈറ്റി ജന.സെക്രട്ടറി അലി സല്മാനുമായാണ് ടെലിഫോണ്‍ സംഭാഷണം നടത്തിയത്.
ബഹ്റൈന്‍ തെരുവുകളിലെല്ലാം പ്രതിഷേധം ശക്തമാക്കണമെന്നും സര്‍ക്കാരിനെ സമ്മര്ദത്തിലാക്കണമെന്നുമാണ് ശബ്ദരേഖയിലുള്ളത്. പെനിന്‍സുല ഷീല്‍ഡ് ഫോഴ്സ് ഒഴിവാക്കാന്‍ ജി.സി.സി രാഷ്ട്രങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഖത്തര്‍ ശ്രമിക്കുമെന്നും ആല്‍ഥാനി പറയുന്നതായി ശബ്ദരേഖയിലുണ്ട്.
സംഭവം ബഹ്റൈന്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ടതിനെ തുടര്‍ന്ന് ടെലിഫോണ്‍ സംഭാഷണത്തെ കുറിച്ച് അന്വേഷണം നടത്താന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അലി ബിന്‍ ഫദല്‍ അല്‍ ബുഹൈനോട് കോടതി ഉത്തരവിട്ടു. ഇതു സംബന്ധമായി ഖത്തര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ശബ്ദരേഖയില്‍ പറയപ്പെടുന്ന ബഹ്റൈന്‍ പ്രതിപക്ഷ നേതാവ് അലി സല്മാന് 2014 മുതല്‍ ബഹ്റൈന്‍ ജയിലില്‍ തടവിലാണ്. ഇദ്ദേഹം നേതൃത്വം നല്‍കിയിരുന്ന അല്‍ വിഫാഖ് എന്ന സംഘടനയെ കഴിഞ്ഞ വര്‍ഷമാണ് ബഹ്റൈന്‍ നിരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."