മോഹന്‍ ഭാഗവത് വ്യവസ്ഥകള്‍ ലംഘിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട് നിയമോപദേശം തേടിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് കര്‍ണകി അമ്മന്‍ സ്‌കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നിയമോപദേശം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമോപദേശം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.
സര്‍ക്കാര്‍ നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് ഈ സ്‌കൂളില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിച്ചതെന്ന് ജില്ലാ കലക്ടറും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും നടത്തിയ അന്വേഷണത്തില്‍ വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുഖ്യാതിഥിയായി എത്തിയ മോഹന്‍ ഭാഗവത് രാവിലെ ഒന്‍പതോടെയാണ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത്. ഇതിനുശേഷം ദേശീയഗാനത്തിന് പകരം വന്ദേമാതരം ആലപിക്കുകയായിരുന്നു.
പിന്നീട് ആരോ നിര്‍ബന്ധിച്ചതിനാല്‍ ദേശീയഗാനം കൂടി ആലപിച്ചു. ഈ വിഷയം വിവാദമായപ്പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്‌കൂളിന് മുന്നിലുള്ള കൊടിമരത്തില്‍ വീണ്ടും പതാക ഉയര്‍ത്തി. ഈ സമയത്ത് ദേശീയഗാനം ആലപിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിദ്യാലയങ്ങളില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് സംബന്ധിച്ച പൊതുവായ മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയിരുന്നു.
ഈ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് സ്‌കൂളില്‍ പതാക ഉയര്‍ത്തിയത്. സ്‌കൂള്‍ കോംപൗണ്ടിനകത്ത് രണ്ടുഭാഗത്തായി രണ്ടുതരത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, പാലക്കാട് കലക്ടറെ മാറ്റിയ നടപടിക്ക് ഈ സംഭവവുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അഞ്ച് കലക്ടര്‍മാരെ സ്ഥലം മാറ്റാന്‍ നേരത്തെ തീരുമാനിച്ചതാണ്. സ്വാതന്ത്ര്യദിനംകൂടി കഴിഞ്ഞിട്ട് മതിയെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."