ജോലി ഭാരം, വേതനമില്ല; സാക്ഷരതാ പ്രേരക്മാരോട് സര്‍ക്കാരിന് ചിറ്റമ്മനയം
കോഴിക്കോട്: സംസ്ഥാനത്തെ രണ്ടായിരത്തോളം വരുന്ന സാക്ഷരതാ പ്രേരക്മാര്‍ക്ക് മൂന്ന് മാസമായി ദുരിത ജീവിതം. കൂടുതല്‍ ജോലിഭാരത്തോടൊപ്പം വേതനമില്ലാതെയാണ് ഇവര്‍ കഴിയുന്നത്. ആകെ ലഭിക്കുന്ന തുച്ഛം വേതനം പോലും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. സാക്ഷരതയുമായി ബന്ധമില്ലാത്ത അധിക ജോലികളും നല്‍കി ഇവരെ ബുദ്ധിമുട്ടിക്കുന്നതായും ആരോപണമുണ്ട്.
കഴിഞ്ഞ ജനുവരി മുതല്‍ പ്രേരക്മാരുടെ പുതുക്കിയ സേവന വ്യവസ്ഥകള്‍ നിലവില്‍ വന്നതുപ്രകാരം നോഡല്‍ പ്രേരകിന് 15,000 രൂപ, പ്രേരകിന് 12,000, അസിസ്റ്റന്റ് പ്രേരകിന് 10,500 എന്നിങ്ങനെ വേതന വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു മാസമായി ഒരുവിധ വേതനവും ഇവര്‍ക്കു ലഭിക്കുന്നില്ല. നേരത്തെ ഹോണറേറിയം വ്യവസ്ഥയിലായിരുന്നു പ്രതിഫലം നല്‍കിയിരുന്നത്. ഇതു പിന്നീട് ദിവസ വേതനമായപ്പോള്‍ അതിന്റെ ഗുണം ലഭിച്ചില്ലെന്നു മാത്രമല്ല പ്രേരക്മാര്‍ക്ക് അതു വന്‍ തിരിച്ചടിയുമായിരിക്കുകയാണ്. ഏപ്രില്‍ മുതല്‍ പ്രേരക്മാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വേതനം നേരിട്ടെത്തിക്കുമെന്നു പറഞ്ഞെങ്കിലും ഏപ്രില്‍ മാസത്തെ വേതനം മാത്രം നല്‍കി കണ്ണില്‍ പൊടിയിടുകയാണ് അധികൃതര്‍ ചെയ്തതെന്ന് ഇവര്‍ ആരോപിക്കുന്നു. മെയ് മുതലുള്ള പ്രതിഫലം ഇതുവരെയും ലഭിച്ചിട്ടില്ല. കൂടാതെ പൊതു അവധിദിനങ്ങളില്‍ പ്രേരക്മാര്‍ക്കു ജോലിയെടുക്കണമെങ്കിലും വേതനം നല്‍കാന്‍ അധികൃതര്‍ നടപടിയെടുത്തിട്ടില്ല.
ഞായറാഴ്ചയ്ക്കു പകരം അനുവദിച്ച അവധിദിനമായ തിങ്കളാഴ്ചയും പ്രേരക്മാര്‍ക്ക് വേതനമില്ല. അതോടെ 12,000 രൂപയെന്ന സര്‍ക്കാരിന്റെ വാഗ്ദാനം വിശ്വസിച്ച പ്രേരക്മാര്‍ക്ക് 10,000 രൂപയ്ക്കടുത്തു മാത്രമാണു ലഭിക്കുന്നത്. ഓണം, പെരുന്നാള്‍, ക്രിസ്മസ് വേളകളില്‍ മുന്‍കാലങ്ങളില്‍ വേതനം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ പെരുന്നാളിനു പ്രതിഫലമില്ലായിരുന്നു. ഓണക്കാലത്ത് പ്രതിഫലം മാസം 7,000 രൂപയായി കുറയാനും സാധ്യതയുണ്ടെന്ന് ഇവര്‍ പറയുന്നു.
സംസ്ഥാനത്തെ സാക്ഷരതാ പ്രേരക്മാരുടെ എണ്ണത്തില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഇവരുടെ ജോലി സമയക്രമം ഭൂരിഭാഗം വരുന്ന സ്ത്രീ ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിലും തുടര്‍ന്ന് വൈകിട്ട് ഏഴുവരെ ഫീല്‍ഡ് വര്‍ക്കുമാണു ജോലിയുള്ളത്. അഞ്ചുമുതല്‍ പത്തുവരെ വാര്‍ഡുകളുടെ ചുമതല ഒരു പ്രേരകിനു വഹിക്കേണ്ടതിനാല്‍ 15ഉം 20ഉം കി.മീറ്ററുകള്‍ ദിവസവും സഞ്ചരിക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും രാത്രി ഏറെ വൈകിയാണു പലരും വീട്ടിലെത്തുന്നത്.
സര്‍ക്കാരിന്റെ പുതിയ ഉത്തരവുപ്രകാരം ഓരോ മാസവും നടക്കുന്ന പരിപാടികള്‍ക്കുള്ള ബാനര്‍, ഫോട്ടോ, റിപ്പോര്‍ട്ട് എന്നിവയ്ക്കായി പ്രേരക്മാര്‍ സ്വന്തം കൈയില്‍നിന്നു പണം ചെലവാക്കണം. യാത്രാക്കൂലിയും ആഴ്ചതോറുമുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടുകളുടെ ഫോട്ടോ കോപ്പി എടുക്കുന്ന ചെലവുമടക്കം ആയിരത്തിലധികം രൂപയാണ് ഇവര്‍ക്ക് ഈ ഇനത്തില്‍ ചെലവാകുന്നത്. എല്ലാ ചെലവും കഴിഞ്ഞു കൈയില്‍ കിട്ടുന്നതു തുച്ഛമായ തുകയാണ്.
പഞ്ചായത്തുതലങ്ങളിലെ ശുചിത്വ സര്‍വേയും സാക്ഷരതാ കലോത്സവവുമാണ് അവസാനമായി വന്ന മറ്റൊരു അധിക ജോലി. എന്നാല്‍ ഇതിനുവേണ്ടി പ്രത്യേക വേതനം നല്‍കാന്‍ തയാറല്ലെന്നാണ് അധികൃതര്‍ പറയുന്നത്. കൃത്യമായ രീതിയില്‍ തങ്ങളുടെ വേതനം നല്‍കിയാല്‍ മാത്രമേ ഇനിമുതല്‍ മറ്റു നടപടികളുമായി സഹകരിക്കൂവെന്നു ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാക്ഷരതാ പ്രേരക്മാരോടുള്ള അധികൃതരുടെ നിസംഗ മനോഭാവത്തിനെതിരേ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നു ദേശീയ സാക്ഷരതാ പ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സെക്രട്ടറി ശശികുമാര്‍ ചേളന്നൂര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."