സ്വാതന്ത്ര്യദിനത്തില്‍ അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം
കാളികാവ്: സ്വാതന്ത്ര്യദിനത്തില്‍ അട്ടപ്പാടിയില്‍ 16 മാവോയിസ്റ്റുകള്‍ ആദിവാസികളെ സംഘടിപ്പിച്ച് ക്ലാസെടുത്തതായി വിവരം. പുതൂര്‍ ഗ്രാമപഞ്ചായത്തിലെ സ്വര്‍ണ ഗദ്ദ ഊരിലാണ് മാവോയിസ്റ്റുകളെത്തിയത്. ആയുധധാരികളായ 12 പുരുഷന്മാരും നാലു സ്ത്രീകളുമാണ് മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത്.
ആദിവാസികളെ വിളിച്ചുകൂട്ടിയ ശേഷം ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചു രാത്രി 11നു ശേഷമാണു സംഘം സ്വര്‍ണ ഗദ്ദ വിട്ടത്. സംഘത്തില്‍ ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. നിലമ്പൂരില്‍ സര്‍ക്കാര്‍ സുരക്ഷാ സംഘങ്ങളില്‍നിന്നുണ്ടായ തിരിച്ചടിക്കുശേഷം കരുതലോടെയാണ് മാവോയിസ്റ്റുകള്‍ നീങ്ങുന്നത്. മുന്‍പ് സ്വയം പരിചയപ്പെടുത്തിയിരുന്നെങ്കിലും നിലമ്പൂര്‍ ഏറ്റുമുട്ടലിനുശേഷം വ്യാജ പേരുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്.
സ്വര്‍ണ ഗദ്ദ ഊരില്‍ മാവോയിസ്റ്റുകളെത്തിയത് ഗുരുതരമായ സുരക്ഷാവീഴ്ചയായാണു കരുതപ്പെടുന്നത്. സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണി മറികടക്കാന്‍ കഴിഞ്ഞെന്ന വിലയിരുത്തലിനിടെയാണ് പാലക്കാട് ജില്ലയില്‍ അധികൃതരുടെ ഭാഗത്തുനിന്നു കനത്ത വീഴ്ച സംഭവിച്ചിരിക്കുന്നത്. സ്വാന്തന്ത്ര്യദിനത്തില്‍ സ്വാധീനമേഖലകളില്‍ ആഘോഷ പരിപാടികള്‍ തടയുമെന്ന് മാവോയിസ്റ്റുകള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പൊലിസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. നിലമ്പൂര്‍ മേഖലയില്‍ മാവോയിസ്റ്റുകള്‍ക്കു സ്വാധീനമുള്ള പുഞ്ചക്കൊല്ലി, അളയ്ക്കല്‍ കോളനികളില്‍ ആദിവാസികള്‍ക്കൊപ്പം തണ്ടര്‍ ബോള്‍ട്ട് അംഗങ്ങള്‍ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികള്‍ നടത്തുകയും ചെയ്തു.
പാലക്കാട് ജില്ലയിലെ അഗളി പുതൂര്‍ ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം ഊരുകളിലും മാവോയിസ്റ്റുകള്‍ക്കു വ്യക്തമായ സ്വാധീനമുണ്ട്. സ്വര്‍ണ ഗദ്ദ ഊര് മാവോയിസ്റ്റുകളുടെ പ്രധാന താവളങ്ങളിലൊന്നാണ്. ഊരിനു സമീപം പൊലിസ് ഔട്ട്‌പോസ്റ്റും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നിലവിലുള്ള സംവിധാനം ഉപയോഗിച്ച് മാവോയിസ്റ്റുകളെ നേരിടാനാകില്ലെന്നതിനാല്‍ പൊലിസ് രംഗത്തുനിന്നു പിന്‍വലിയുകയാണെന്ന സംശയവുമുണ്ട്. പകല്‍ സമയങ്ങളില്‍ പോലും സ്വര്‍ണ ഗദ്ദ ഊരില്‍ മാവോയിസ്റ്റുകളെത്തുന്നതു പതിവ് സംഭവമാണ്. ആദിവാസികളുടെ പിന്തുണ കൂടിയുള്ളതിനാല്‍ മാവോയിസ്റ്റുകളെ തിരിച്ചറിയാനും പ്രയാസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."