ഒടുവില്‍ മണിപ്പൂര്‍ സമരനായികയ്ക്ക് മാംഗല്യം
കൊടൈക്കനാല്‍: വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ മണിപ്പൂരിന്റെ സമരനായികയ്ക്കു മാംഗല്യം. മണിപ്പൂരിലെ പട്ടാള അതിക്രമങ്ങള്‍ക്കെതിരേ 16 വര്‍ഷം നിരാഹാര സമരം നടത്തിയ ഇറോം ശര്‍മിള കൊടൈക്കനാല്‍ സബ് രജിസ്ട്രാര്‍ ഓഫിസിലെ ലളിതമായ ചടങ്ങില്‍ വിവാഹിതയായി. വര്‍ഷങ്ങളായി താങ്ങും തണലുമായി കൂടെ നിന്ന ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ സുഹൃത്ത് ഡെസ്മണ്ട് കുടിനോയാണ് ജീവിതസഖി.
ചടങ്ങിനു സാക്ഷ്യംവഹിക്കാന്‍ ഏതാനും സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ജൂലൈ 12ന് ശര്‍മിളയും കുടിനോയും വിവാഹം രജിസ്റ്റര്‍ ചെയ്യാനായി കൊടൈക്കനാല്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ സംയുക്ത അപേക്ഷ നല്‍കിയിരുന്നു.
സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള ഒരുമാസത്തെ കാലാവധിക്കു ശേഷം വിവാഹത്തിനുള്ള സമയമായപ്പോഴേക്കും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തുവരികയായിരുന്നു. വിവാഹം തടയണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനാനേതാക്കള്‍ കൊടൈക്കനാല്‍ സബ് രജിസ്ട്രാര്‍ക്കും തമിഴ്‌നാട് ഡി.ജി.പിക്കും പരാതി നല്‍കിയതോടെ ഇരുവരുടെയും വിവാഹം അനിശ്ചിതത്വത്തിലായി. ക്രിസ്ത്യന്‍ മതക്കാരനായ കുടിനോയെ ഹിന്ദുവായ ശര്‍മിള വിവാഹം ചെയ്താല്‍ കൊടൈക്കനാലിന്റെ ക്രമസമാധാനം തകരുമെന്നായിരുന്നു പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയത്. കുടിനോയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
പരാതി ലഭിച്ച ഡി.ജി.പി വിശദറിപ്പോര്‍ട്ടിനായി സബ് രജിസ്ട്രാര്‍ക്കു കത്തയച്ചതിനെ തുടര്‍ന്ന് രജിസ്ട്രാര്‍ പരാതിയില്‍ കഴമ്പില്ലെന്നും വിവാഹം നടത്തുന്നതിനു നിയമതടസങ്ങളില്ലെന്നും റിപ്പോര്‍ട്ട് കൊടുത്തു. ഇതേതുടര്‍ന്നു പരാതികള്‍ തള്ളാന്‍ ഡി.ജി.പിയും പിന്നീട് രജിസ്ട്രാറും തീരുമാനിക്കുകയാണുണ്ടായത്. ജയില്‍വാസ കാലത്ത് ശര്‍മിളയുടെ സ്ഥിരം സന്ദര്‍ശകനായ കുടിനോയുമായുള്ള സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു. പ്രണയം മണിപ്പൂരില്‍ ഏറെ വിവാദങ്ങളും എതിര്‍പ്പുകളും വിളിച്ചുവരുത്തുകയും ചെയ്തു. ഇത് ശര്‍മിളയുടെ രാഷ്ട്രീയ രംഗപ്രവേശനത്തെയും മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെയും സാരമായി ബാധിച്ചിരുന്നു.
തെരഞ്ഞെടുപ്പിനു ശേഷം നാലുമാസമായി കൊടൈക്കനാലില്‍ താമസമാക്കിയ ഇവര്‍ നിയമപ്രകാരം വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹശേഷവും സമരം തുടരുമെന്നും പട്ടാളത്തിനു പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ സജീവമായി തുടരുമെന്നും ശര്‍മിള 'സുപ്രഭാത'ത്തോട് പറഞ്ഞു. വിവാഹത്തിനു മുന്‍പ് ശര്‍മിള അമ്മയോട് സമ്മതം വാങ്ങിയിരുന്നെങ്കിലും വീട്ടുകാര്‍ ആരും ചടങ്ങിനെത്തിയില്ല.
അടുത്തദിവസം തന്നെ കൊടൈക്കനാലില്‍ ലളിതമായ സല്‍ക്കാരം നടത്തുമെന്നും അടുത്ത സുഹൃത്തുക്കളെ ചടങ്ങിലേക്കു ക്ഷണിക്കുമെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."