തിക്കോടി എഫ്.സി.ഐയില്‍ റേഷന്‍ വിതരണം മുടങ്ങി
പയ്യോളി: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ തിക്കോടി ഡിപ്പോയില്‍ ഇന്നലെ റേഷന്‍ വിതരണം മുടങ്ങി. താല്‍ക്കാലിക തൊഴിലാളികളെ എഫ്.സി.ഐ മാനേജ്‌മെന്റ് പിരിച്ചുവിട്ട നടപടിയിലുള്ള പ്രതിഷേധമാണ് റേഷന്‍ വിതരണം മുടങ്ങാന്‍ ഇടയാക്കിയത്. വടകര, കൊയിലാണ്ടി താലൂക്കുകളിലേക്കുള്ള റേഷന്‍ വിതരണമാണ് ഇവിടെ നടക്കുന്നത്. ഓണം-ബക്രീദ് അടുത്തെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ റേഷന്‍ കടകളിലേക്കുള്ള അരി വിതരണം നിലച്ചത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.
എഫ്.സി.ഐ മാനേജ്‌മെന്റ് പ്രതികാര നടപടികള്‍ സ്വീകരിച്ചതിനാലാണ് ഇപ്പോഴുള്ള അനിശ്ചിതത്വത്തിനു കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു. ഇവിടത്തെ ചുമട്ടുതൊഴിലാളികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തു നല്‍കേണ്ട കരാര്‍ തൊഴിലാളികളെയാണ് യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ടത്. കരാര്‍ തൊഴിലാളികളില്ലാതെ ചുമട്ടുതൊഴിലാളികള്‍ക്കു ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. 33 സ്ത്രീ തൊഴിലാളികളില്‍ മൂന്നുപേര്‍ക്ക് മാത്രമാണ് ജോലിയുള്ളത്. കരാര്‍ തൊഴിലാളികള്‍ക്കൊന്നും കഴിഞ്ഞ മൂന്നുമാസമായി കൂലി കിട്ടാത്തതിനാല്‍ തൊഴിലാളി കുടുംബങ്ങളെല്ലാം പട്ടിണിയിലുമാണ്.
തിക്കോടി എഫ്.സി.ഐയില്‍നിന്ന് മീനങ്ങാടിയിലേക്കു കൊണ്ടുപോയ ഒരുലോഡ് അരി അപ്രത്യക്ഷമായ സംഭവത്തിനുശേഷം ഇവിടെ എല്ലാം താളംതെറ്റിയ നിലയിലാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എഫ്.സി.ഐ വിജിലന്‍സിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഫലമായി തിക്കോടിയിലെ ഡിപ്പോ മാനേജര്‍ ഉള്‍പ്പെടെ മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒടുവില്‍ ആറുദിവസത്തിനുശേഷം അരിയും ലോഡും ദുരൂഹസാഹചര്യത്തില്‍ മീനങ്ങാടിയില്‍ തിരിച്ചെത്തുകയും ചെയ്തു. തിക്കോടി ഡിപ്പോയിലെ ക്രമക്കേടുകളെ പുറത്തുകൊണ്ടുവന്നതിലുള്ള പ്രതികാര നടപടികളാണ് ഇപ്പോഴത്തെ അനിശ്ചിതാവസ്ഥക്ക് കാരണമെന്നാണ് തൊഴിലാളികളുടെ വാദം.
റേഷന്‍ കാര്‍ഡിലെ അക്ഷരത്തെറ്റ്: 'എഞ്ചുവടി' അയച്ച് പ്രതിഷേധം
കോഴിക്കോട്: റേഷന്‍ കാര്‍ഡിലെ വ്യാപകമായ അക്ഷരത്തെറ്റും ക്രമക്കേടും പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സിവില്‍ സപ്ലൈസ് മന്ത്രിക്കും സിവില്‍ സപ്ലൈസ് സെക്രട്ടറിക്കും യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'എഞ്ചുവടി' അയച്ച് പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രോംസണ്‍ മാഞ്ഞമറ്റം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സിഗില്‍ ലാല്‍ അധ്യക്ഷനായി. നവീന്‍ വെട്ടുകല്ല്, മണ്‍സൂര്‍ പാലയംപറമ്പില്‍, ബിനോയ് പാട്ടത്തില്‍, സമീര്‍ പുളിക്കല്‍, സാജന്‍ ജോസഫ്, പി.പി ഫിറോസ്, മനോജ് പാളയം, വിധുലാല്‍, ഷിംജു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."