ബുണ്ടസ്ലീഗയ്ക്ക് ഇന്ന് തുടക്കം ആധിപത്യം തുടരാന്‍ ബയേണ്‍
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗ പോരാട്ടങ്ങള്‍ ഇന്ന് തുടക്കം. രാത്രി 11ന് നിലവിലെ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ബയേര്‍ ലെവര്‍കൂസനെ നേരിടും. ലീഗില്‍ കിരീടം നിലനിര്‍ത്താനായിട്ടാണ് ബയേണ്‍ ഇറങ്ങുന്നത്.
സ്വന്തം തട്ടകത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ജയം ഉറപ്പിച്ചാണ് ബയേണ്‍ കളത്തിലിറങ്ങുന്നത്. എന്നാല്‍ പരുക്ക് ബയേണിന് ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രീ സീസണ് പോരാട്ടങ്ങളില്‍ വേണ്ടത്ര മികവു പുലര്‍ത്താന്‍ ടീമിന് സാധിച്ചില്ലെങ്കിലും ജര്‍മന്‍ സൂപ്പര്‍ കപ്പില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തി കിരീടം നേടിയത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.
ടീം നായകന് മാനുവല്‍ നൂയറുടെ പരുക്കാണ് ബയേണിനെ ഏറ്റവുമധികം അലട്ടുന്നത്. കോച്ച് കാര്‍ലോ ആന്‍സലോട്ടിക്കും ഇതുതലവേദനയാണ്. കാലിനേറ്റ പരുക്കില്‍ നിന്ന് നൂയര്‍ സുഖംപ്രാപിച്ചു വരുന്നതേയുള്ളൂ. റയല്‍ മാഡ്രിഡിനെതിരായ മത്സരത്തിലാണ് താരത്തിന് പരുക്കേറ്റത്. അതേസമയം സൂപ്പര്‍ താരം ആര്യന് റോബനും ഡേവിഡ് അലാബയും കളിക്കാനിറങ്ങുന്നത് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. യുവാന്‍ ബെര്‍നാറ്റ്, ജെറോം ബോട്ടെങ്, ജെയിംസ് റോഡ്രിഗസ്, തിയാഗോ അല്സാന്ഡ്ര, ഹാവി മാര്‍ട്ടിനസ് എന്നിവരും ആദ്യ ഇലവനില്‍ കളിച്ചേക്കും.
അതേസമയം 4-2-3-1 ശൈലിയിലാണ് ആന്‍സലോട്ടി ടീമിനെ കളത്തിലിറക്കുന്നതെങ്കില്‍ റോബന് പുറത്തിരിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ തോമസ് മുള്ളര്‍ക്കൊപ്പം റോബര്‍ട്ട് ലെവന്‍ഡോസ്കി മുന്നേറ്റത്തില്‍ കളിക്കും. അലാബ, മാറ്റ് ഹമ്മല്‍സ്, ജോഷ്വാ കിമ്മിച്ച് എന്നിവരും കളത്തിലിറങ്ങാന്‍ സാധ്യതയുണ്ട്. അറ്റാക്കിങ് മിഡ്ഫീല്ഡറുടെ റോളില്‍ വിദാലും സെബാസ്റ്റ്യന്‍ റൂഡിയും കളിക്കുമെന്ന് ആന്‍സലോട്ടി സൂചിപ്പിച്ചു. ഡോര്‍ട്മുണ്ടിനെതിരേ റൂഡിയുടെ പ്രകടനം ആന്‍സലോട്ടിയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
അതേസമയം ലെവര്‍കൂസനെ സംബന്ധിച്ച് പുതിയ കോച്ച് ഹെയ്കോ ഹെര്ലിച്ചിന്റെ കീഴിലാണ് ക്ലബ് കളിക്കാനിറങ്ങുന്നത്. നേരത്തെ ബയേണിന്റെ അണ്ടര്‍ 17 ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട് അദ്ദേഹം. കൈ ഹാവെര്‍ട്സ്, ലാര്‍സ് ബെന്‍ഡെര്‍ എന്നിവരുടെ അഭാവം ടീമിന് തിരിച്ചടിയാണ്. പകരക്കാരെ കണ്ടെത്തുക ഹെര്ലിച്ചിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."