അനസിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി
താമരശേരി: ഉണ്ണികുളം എം.എം പറമ്പ് കോട്ട കുന്നുമ്മല്‍ കോയയുടെ മകന്‍ അനസ് എന്ന അനീഷിന്റെ (42) വേര്‍പാട് നാടിനെ ദുഃഖത്തിലാഴ്ത്തി. കഴിഞ്ഞദിവസം സംസ്ഥാനപാതയില്‍ കോരങ്ങാട് മൂന്നാംതോട് ജങ്ഷനില്‍ പിക്കപ്പ് വാന്‍ അനസ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാസഹോദരിയെ സന്ദര്‍ശിക്കാന്‍ പോകുന്നവഴിയാണ് അപകടത്തില്‍പ്പെട്ടത്.
നാടിന്റെ പുരോഗമനാത്മക പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് സ്‌നേഹപൂര്‍വം സൗഹൃദം കാത്തുസൂക്ഷിച്ച അനസ് നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. പ്രദേശത്തെ രോഗികളെ ചെന്നുകണ്ട് വിശേഷങ്ങള്‍ അന്വേഷിക്കുന്ന അനസിന്റെ സൗഹൃദങ്ങള്‍ ഏവരെയും അതിശയിപ്പിക്കുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു. വിയോഗ വാര്‍ത്ത കേട്ട് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായിനൂറുകണക്കിനു പേരാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.
റസാഖ് ദാരിമി വള്ളിയോത്ത്, ഹാരിസ് മുസ്‌ലിയാര്‍ തലയാട്, ഇ.ടി ബിനോയ്, ഭാസ്‌കരക്കുറുപ്പ്, ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം തുടങ്ങിയ വിവിധ മത രാഷ്ട്രീയ നേതാക്കള്‍ വീട് സന്ദര്‍ശിച്ചു.
ഉച്ചയ്ക്ക് ഒന്നിന് പൂനൂര്‍ കേളോത്ത് ഭാര്യാവീട്ടിലും 1.30ന് എം.എം പറമ്പ് മസ്ജിദ് ഇബ്രാഹിം കോംപൗണ്ടിലും പൊതുദര്‍ശനത്തിന് വെച്ച മയ്യിത്ത് 2.15ന് എസ്‌റ്റേറ്റ് മുക്ക് ചെമ്പോച്ചിറ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. എം.എം പറമ്പിലും ചെമ്പോച്ചിറ പള്ളിയിലും മയ്യിത്ത് നിസ്‌കാരം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."