പരിയാരം മെഡിക്കല്‍ കോളജില്‍ സംഘര്‍ഷം
തളിപ്പറമ്പ്: ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചതില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും പരിയാരം മെഡിക്കല്‍ കോളജ് ഉപരോധിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയായി. പരിയാരം മെഡിക്കല്‍ കോളജില്‍ ഓപ്പറേഷനെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാപിഴവാണെന്ന് ആരോപിച്ചാണ് ബഹളമുണ്ടായത്. ഇന്നലെ രാവിലെയാണ് യുവതി മരിച്ച വിവരം ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. കാഷ്വാലിറ്റിക്കു മുന്നില്‍ പ്രതിഷേധവുമായി വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ പൊലിസ് സ്ഥലത്തെത്തി. മരണകാരണം ചികിത്സാ പിഴവാണെന്നും ഓപ്പറേഷന്‍ നടത്തിയ ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ പരിയാരം പൊലിസില്‍ പരാതി നല്‍കി.
വെള്ളാവ് സ്വദേശിനി തെക്കേടത്ത് പ്രീത(35)യാണ് ഇന്നലെ രാവിലെ മരണമടഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് പ്രീതയെ പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്ന ഓപ്പറേഷനായി പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. 11ന് കീഹോള്‍ സര്‍ജറിയിലൂടെ കല്ല് നീക്കം ചെയ്തു. ഓപ്പറേഷനു ശേഷം 15ന് ഡിസ്ചാര്‍ജായി വീട്ടിലേക്കു പോയി. എന്നാല്‍ അന്നു രാത്രി തന്നെ വയര്‍ വീര്‍ത്തുവരികയും ശ്വാസ തടസമുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് രാത്രി ഒരു മണിയോടെ വീണ്ടും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 16ന് ഉച്ചയോടെ പ്രീതയെ വീണ്ടും ഓപ്പറേഷന് വിധേയയാക്കി. ഓപ്പറേഷനെ തുടര്‍ന്ന് ബി.പി കുറയുകയും നെഞ്ചിടിപ്പ് കുറയുകയും ചെയ്ത് നില വഷളായതോടെ പ്രീതയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറോടെ മരണം സംഭവിക്കുകയായിരുന്നു.
ഓപ്പറേഷന്‍ നടത്തിയ ഡോക്ടര്‍ ബൈജു കുണ്ടിലിനെതിരേ നേരത്തെയും പരാതികള്‍ ഉണ്ടായിരുന്നു. മരണം നടന്ന ഉടന്‍ ഡോക്ടര്‍ അവധിയില്‍ പ്രവേശിച്ചു. മാനേജരുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. പരിയാരം പഞ്ചായത്തിന് സമീപത്തെ ഓട്ടോ ഡ്രൈവര്‍ ഇ.സി ചന്ദ്രന്റെ ഭാര്യയാണ് പ്രീത. എട്ടു മാസം പ്രായമുള്ള മകളുണ്ട്. സ്വദേശമായ വെള്ളാവിലും ഭര്‍തൃവീട്ടിലും പൊതുദര്‍ശനത്തിനു വച്ച ശേഷം പ്രീതയുടെ മൃതദേഹം പരിയാരത്ത് സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."