ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷി ആഹ്വാനം
കാസര്‍കോട്: അനിഷ്ട സംഭവങ്ങളുണ്ടായ മാവുങ്കാലിലും പരിസരങ്ങളിലും ജില്ലയിലാകെയും ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാന്‍ സര്‍വകക്ഷി സമാധാന യോഗം ആഹ്വാനം ചെയ്തു.
കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ജില്ലയുടെ സമാധാനത്തിനു കളങ്കമേല്‍ക്കാതിരിക്കാനും ശക്തമായ നടപടി സ്വീകരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചത്.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകോപനപരവും കിംവദന്തികള്‍ പരത്തുന്നതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ പൊലിസ് ശക്തമായ നടപടിയെടുക്കും. ഇത്തരം വാര്‍ത്തകളെക്കുറിച്ചു പരസ്പരം നിജസ്ഥിതി അന്വേഷിക്കാനും രാഷ്ട്രീയ നേതൃത്വം തയാറാകും. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന്റെ പേരില്‍ ജില്ലയില്‍ പ്രശ്‌നങ്ങളുണ്ടാകരുത്. പ്രാദേശിക തലത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ റവന്യൂ, പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചു പരിഹരിക്കും.
കഴിഞ്ഞ ദിവസം മാവുങ്കാലിലും പരിസരങ്ങളിലും ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ തടയാനെത്തിയ പൊലിസ് അതിക്രമം കാട്ടിയെന്ന ആരോപണത്തെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കും. വീട്, വ്യാപാരസ്ഥാപനങ്ങള്‍, പാര്‍ട്ടിഓഫിസുകള്‍ തുടങ്ങിയവ അക്രമിക്കുന്നതിനെ യോഗം അപലപിച്ചു.
രാഷ്ട്രീയ കക്ഷികളുടെ പരിപാടികളില്‍ തുറന്ന വാഹനങ്ങളില്‍ പ്രവര്‍ത്തകരെ എത്തിക്കുന്നതു പരമാവധി ഒഴിവാക്കാനും പൊലിസ് നിര്‍ദേശമുണ്ടായാല്‍ തുറന്ന വാഹനങ്ങളില്‍ പ്രവര്‍ത്തകരെ കൊണ്ടുപോകാതിരിക്കാനും തീരുമാനമായി.
അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനങ്ങള്‍ ഒഴിവാക്കാനും തീരുമാനിച്ചു. പൊലിസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ. ദാമോദരനും വിശദീകരിച്ചു.
മാവുങ്കാല്‍ സംഭവത്തില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലിസ് മേധാവി പറഞ്ഞു. രണ്ടു കേസുകള്‍ പൊലിസ് സ്വമേധയ രജിസ്റ്റര്‍ ചെയിട്ടുണ്ട്. യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."