എസ്.എഫ്.ഐ ഉപരോധം: രണ്ടാം ദിവസവും അധ്യയനം മുടങ്ങി
നീലേശ്വരം: എസ്.എഫ്.ഐ ഉപരോധത്തെ തുടര്‍ന്ന് പടന്നക്കാട് നെഹ്‌റു കോളജ് തുറന്നു പ്രവര്‍ത്തിക്കാനായില്ല. ഓഫിസും പ്രിന്‍സിപ്പല്‍ കാബിനും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചതിനെ തുടര്‍ന്നു ക്ലാസ് മുറികളും തുറക്കാനായില്ല. ഇതേ തുടര്‍ന്നു തുടര്‍ച്ചയായ രണ്ടാം ദിവസവും അധ്യയനം മുടങ്ങി.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണു സമരം നടക്കുന്നത്. യു.ജി.സി സര്‍വകലാശാല നിര്‍ദേശ പ്രകാരം കോളജ് വരാന്തയില്‍ സ്ഥാപിച്ച 16 കാമറകളില്‍ രണ്ടെണ്ണം നശിപ്പിക്കുകയും 14 എണ്ണത്തില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ചു ചിത്രീകരണം തടയുകയും ചെയ്ത നടപടി സ്വയം തിരുത്താതെ കേസ് പിന്‍വലിക്കില്ലെന്ന നിലപാടില്‍ പ്രിന്‍സിപ്പല്‍ ം ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണു സമരം തുടരുന്നത്.
തങ്ങള്‍ പഠിപ്പുമുടക്കു സമരം നടത്തുന്നില്ലെന്നും ക്ലാസ്മുറികളുടെ താക്കോല്‍ എടുക്കാന്‍ സമ്മതിച്ചിരുന്നുമെന്ന എസ്.എഫ്.ഐയുടെ അവകാശവാദം ശരിയെങ്കില്‍ രണ്ടാം ദിവസവും ക്ലാസ് മുടങ്ങിയതെങ്ങനെയെന്നു പ്രിന്‍സിപ്പല്‍ ഡോ.പി.വി.പുഷ്പജ ചോദിച്ചു.
ആദ്യദിവസത്തെ സമരം കഴിഞ്ഞു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞ ശേഷം ക്ലാസ് മുറികളുടെയും ലാബിന്റെയും താക്കോല്‍ എടുത്തു കൂടായിരുന്നോ എന്നു ചോദിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ കോളജ് മതിലിനു പുറത്തിറങ്ങിയപ്പോഴാണു എസ്.എഫ്‌ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയതെന്നും പ്രകോപനത്തിനു മുതിരേണ്ടെന്നു കരുതി താക്കോല്‍ എടുക്കാന്‍ ശ്രമിച്ചില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
അതേസമയം, കോളജ് അധികൃതരും എസ്.എഫ്.ഐയും തമ്മില്‍ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ വിദ്യാര്‍ഥികളുടെ അധ്യയനത്തെ ബാധിച്ച പശ്ചാത്തലത്തില്‍ പ്രശ്‌നപരിഹാരം തേടി ഹൊസ്ദുര്‍ഗ് സി.ഐ സി.കെ സുനില്‍കുമാര്‍ ഇരുവിഭാഗത്തെയും വിളിപ്പിച്ചു.
21നു നടത്താനുദ്ദേശിക്കുന്ന ചര്‍ച്ചയ്ക്കു മുന്നോടിയായി ഇരുവിഭാഗത്തിന്റെയും പ്രശ്‌നങ്ങളും നിലപാടുകളും അറിയാനായിരുന്നു ഇതെന്നു സി.ഐ പറഞ്ഞു.
കോളജ് മാനേജ്‌മെന്റ് സെക്രട്ടറി കെ. രാമനാഥന്‍, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ജയനാരായണന്‍, കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ.വി നിധിന്‍ എന്നിവരെയാണു സി.ഐ വിളിപ്പിച്ചത്.
ഇന്നാണു കോളജില്‍ പി.ജി പ്രവേശനം നടക്കുന്നത്. അഞ്ച് പി.ജി കോഴ്‌സുകളിലായി 80 സീറ്റുകളിലേക്കാണു പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നുമുള്ള വിദ്യാര്‍ഥികള്‍ ഇതിനായി ഇന്നു കോളജില്‍ എത്താനിരിക്കെ ഓഫിസും പ്രിന്‍സിപ്പല്‍ കാബിനും തുറക്കാതെ ഓഫിസ് നടപടികള്‍ എങ്ങനെ സാധിക്കുമെന്ന ആശങ്കയിലാണ് കോളജ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."