സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ ലോഡ് കണക്കിന് കോഴിമാലിന്യം കുഴിച്ചുമൂടി
നിലമ്പൂര്‍: നിയമങ്ങളെ വെല്ലുവിളിച്ച് സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ ലോഡ് കണക്കിന് കോഴിമാലിന്യം കുഴിച്ചുമൂടുന്നുതായി പരാതി. ചാലിയാര്‍ പഞ്ചായത്തിലെ മണ്ണുപ്പാടത്താണ് നിലമ്പൂര്‍ മയ്യംതാനി സ്വദേശിയായ സ്വകാര്യവ്യക്തി തന്റെ ഭൂമിയില്‍ വ്യാപകമായി കോഴി മാലിന്യങ്ങള്‍ കുഴിച്ചുമൂടുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ജെ.സി.ബി ഉപയോഗിച്ച് പത്ത് വലിയ കുഴികളാണ് നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ നാല് കുഴികള്‍ കോഴിമാലിന്യമിട്ട് മൂടിയിട്ടുണ്ട്. നിലമ്പൂര്‍, കാളികാവ് ബ്ലോക്ക് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് രാത്രിയുടെ മറവില്‍ ലോഡ് കണക്കിന് കോഴിമാലിന്യങ്ങള്‍ ഇവിടേക്കെത്തിക്കുന്നത്. ദുര്‍ഗന്ധം ദുസ്സഹമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കൃഷിയിടത്തില്‍ ജെ.സി.ബി ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള കുഴികളും അതില്‍ നിക്ഷേപിച്ച കോഴിമാലിന്യവും കണ്ടെത്തിയത്. കമ്പിവേലിയിട്ട് കൃഷിയിടം സുരക്ഷിതമാക്കുകയും കൃഷിയിടത്തിലേക്ക് കടക്കാനുള്ള റോഡ് ഗേറ്റ് സ്ഥാപിച്ച് പൂട്ടിയതിനാലും നാട്ടുകാര്‍ക്ക് ഇവിടേക്ക് കടന്നുവരാന്‍ കഴിയില്ല. മാലിന്യം കൊണ്ടുവരുന്നതിനായി പ്രത്യേകം റോഡും നിര്‍മിച്ചിട്ടുണ്ട്. തിരുവാലി, വണ്ടൂര്‍ പഞ്ചായത്തിലെ ചെമ്മരം എന്നിവിടങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളാന്‍ സ്വകാര്യവ്യക്തികള്‍ മൗനാനുവാദം നല്‍കിയത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലിസ് തടഞ്ഞിരുന്നു.
തുടര്‍ന്നാണ് മയ്യന്താനി സ്വദേശിയുടെ സഹായത്തോടെ മാഫിയ സംഘം മണ്ണുപ്പാടത്തേക്ക് കോഴിമാലിന്യങ്ങള്‍ എത്തിക്കാന്‍ തുടങ്ങിയത്. പ്രദേശവാസികളായ 50ലേറെ പേര്‍ ഒപ്പിട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കി. ചാലിയാര്‍ പിഎച്ച്‌സിമെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.എന്‍ അനൂപിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യനിക്ഷേപം അനധികൃതമാണെന്ന് കണ്ടെത്തി.
സ്ഥലമുടമക്ക് നോട്ടിസ് നല്‍കുമെന്നും, പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. പഞ്ചായത്തില്‍ അനുമതിയുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും സ്വകാര്യവ്യക്തി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന്‍ പറഞ്ഞു. നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് വന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വഴിവെക്കുന്ന മാലിന്യനിക്ഷേപം നടത്തിയിരിക്കുന്നത്. കാട്ടുപന്നി, കുറുക്കന്‍, തെരുവ് നായ്ക്കള്‍ എന്നിവ കുഴികള്‍ മാന്തി മാലിന്യം പുറത്ത് വലിച്ചിട്ടതോടെ ദുര്‍ഗന്ധം മൂലം മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."