മൂല്യനിര്‍ണയത്തിലെ അനാസ്ഥ: എപ്ലസും ഒരു അധ്യയന വര്‍ഷവും നഷ്ടപ്പെട്ട് അഷ്ന
പാലേമാട്: മൂല്യനിര്‍ണയത്തിലെ അനാസ്ഥകാരണം വിദ്യാര്‍ഥിനിക്കു നഷ്ടപ്പെട്ടത് ഒരു അധ്യയന വര്‍ഷവും മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് എന്ന മികവും. പാലേമാട് ശ്രീ വിവേകാനന്ദ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്ന കാരപ്പുറം കല്‍ക്കുളം പാലകുണ്ടന് അബ്ദുല്‍ അസീസിന്റെ മകള്‍ അഷ്ന അസീസിനാണ് അധികൃതരുടെ അനാസ്ഥയില്‍ നഷ്ടമുണ്ടായത്.
മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് പ്രതീക്ഷിച്ച അഷ്നയ്ക്ക് പ്ലസ്ടു പരീക്ഷാഫലം വന്നപ്പോള്‍ ഇംഗ്ലീഷില്‍ മാത്രം 200ല്‍ 167 മാര്‍ക്കാണ് ലഭിച്ചത്. മറ്റെല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. ഒന്നാം വര്‍ഷത്തില്‍ 100ല്‍ 93 മാര്‍ക്ക് നേടിയ വിദ്യാര്‍ഥിനിക്കു രണ്ടാം വര്‍ഷത്തില്‍ ലഭിച്ച 74 മാര്‍ക്ക് മൂല്യനിര്‍ണയത്തിലെ പിശകാണെന്ന് അധ്യാപകര്‍ക്കും ബോധ്യമായിരുന്നു. പ്രവാസിയായ പിതാവ് എത്തിയതോടെ അഷ്ന ഉത്തരക്കടലാസിന്റെ പകര്‍പ്പിനും പുനര്‍മൂല്യനിര്‍ണയത്തിനും അപേക്ഷിച്ചു.
സ്കൂളിലെ അധ്യാപകരും മാനേജ്മെന്റും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഉത്തരക്കടലാസിന്റെ കോപ്പി ലഭിച്ച് പരിശോധിച്ച ഇംഗ്ലീഷ് അധ്യാപകന് 20 മാര്‍ക്ക് അധികം ലഭിക്കേണ്ടതാണെന്ന് ഉറപ്പുപറഞ്ഞു.
പുനര്‍മൂല്യനിര്‍ണയ ഫലം വന്നപ്പോള്‍ 17 മാര്‍ക്കാണ് അഷ്നയ്ക്ക് ഇംഗ്ലീഷില്‍ കൂടുതല്‍ ലഭിച്ചത്. ഗ്രേസ് മാര്ക്കുകളില്ലാതെ 1200ല്‍ 1161 മാര്‍ക്കോടെ 97 ശതമാനമാണ് ഇപ്പോള്‍ അഷ്നയുടെ മാര്‍ക്ക് ലിസ്റ്റിലുള്ളത്. നിലവില്‍ കോച്ചിങ് കേന്ദ്രത്തില്‍ പഠനം നടത്തുകയാണ് അഷ്ന. നിരുത്തരവാദപരമായി മൂല്യനിര്‍ണയം നടത്തിയ അധ്യാപകനെതിരേ കോടതിയെയും വിദ്യാഭ്യാസ വകുപ്പിനെയും സമീപിക്കാനൊരുങ്ങുകയാണ് അഷ്നയുടെ മാതാപിതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."