മഞ്ചേരി മെഡി. കോളജ്: കാത്ത്ലാബിനു പ്രാഥമിക നടപടികളാകുന്നു
മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാത്ത്ലാബ് തുടങ്ങാനുള്ള പ്രാഥമിക നടപടികളൊരുങ്ങുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കായി അനുവദിച്ച കാത്ത്ലാബാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ സജ്ജമാക്കുന്നതെന്നാണ് വിവരം. ഇതിനായി സ്ഥല പരിശോധന ഇന്നു നടക്കും. മഞ്ചേരി മെഡിക്കല്‍ കോളജിന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഹൃദ്രോഗ വിഭാഗം ഏറെ നാളത്തെ ആവശ്യമായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സ്ഥലപരിമിതിയാണ് കാത്ത്ലാബ് മഞ്ചേരിയിലേക്കു മാറ്റാന്‍ കാരണമായതെന്നാണ് അറിയുന്നത്.
സംസ്ഥാനത്തെ മറ്റു മെഡിക്കല്‍ കോളജുകളിലെല്ലാം താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ ഹൃദ്രോഗ ചികിത്സാ വിഭാഗം പ്രവര്ത്തിക്കോമ്പോഴും മഞ്ചേരി മെഡിക്കല്‍ കോളജില്‍ കാത്ത്ലാബ് ഇതുവരെ സജ്ജമാക്കാനായിട്ടില്ല. മെച്ചപ്പെട്ട ഹൃദ്രോഗ ചികിത്സയ്ക്കായി ജില്ലക്കകത്തും പുറത്തുനിന്നുമായി നിരവധിപേരാണ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്കെത്തുന്നത്. ഹൃദ്രോഗികളുടെ എണ്ണം ഒരോ വര്‍ഷങ്ങളിലും കൂടുമ്പോഴും മെഡിക്കല്‍ കോളജിലുള്ള കാലപ്പഴക്കംചെന്ന സൗകര്യങ്ങളും ചികിത്സകളും മാത്രമാണ് രോഗികള്‍ക്കു ലഭിക്കുന്നത്.
സ്ഥലം ലഭ്യമാവുന്ന മുറക്ക് കാത്ത് ലാബ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സജ്ജമാകും.നേരത്തെ കാത്ത്ലാബിനു വേണ്ടി മെഡിക്കല്‍ കോളജ് അധികൃതര്‍ വിപുലമായ പദ്ധതി സമര്‍പ്പിക്കുകയും ഇതിന്റെ ഫലമായി കഴിഞ്ഞ ബജറ്റില്‍ അഞ്ചു കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."