പ്ലാസ്റ്റിക് നിരോധനം കാറ്റില്‍പറത്തി ആലുവ നഗരസഭ
ആലുവ: പ്ലാസ്റ്റിക് നിരോധിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുമ്പോഴും സ്വന്തം പ്രവൃത്തിയില്‍ അത് പാലിക്കാതെ ആലുവ നഗരസഭ. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ പ്ലാസ്റ്റിക്കില്‍ മൂടിയാണ് നഗരസഭ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗാന്ധി പ്രതിമ നവീകരിക്കുവാന്‍ മുന്‍കൈയെടുത്ത സ്വകാര്യ ബാങ്കുകാരാണ് പ്ലാസ്റ്റിക് പുല്ല് പ്രതിമയ്ക്ക് ചുറ്റും വിരിച്ചത്.
ആറ് മാസം മുന്‍പാണ് ആലുവ നഗരസഭയില്‍ പ്ലാസ്റ്റിക് നിരോധിച്ചത്. ഈ നിരോധന ഉത്തരവിനേയും സംസ്ഥാന സര്‍ക്കാറിന്റെ ഗ്രീന്‍ പ്രോട്ടോകോളിനേയും മറികടന്ന് ഗാന്ധിയെ പ്ലാസ്റ്റികില്‍ മുക്കിയ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലിയ ശേഷം നഗരസഭയുടെ പരിപാടിയ്‌ക്കെത്തിയപ്പോഴാണ് കൗണ്‍സിലര്‍മാരും മറ്റും വിവരമറിയുന്നത്. പ്ലാസ്റ്റിക്കിനെതിരേ സന്ധിയില്ലാതെ പോരാടുമ്പോഴും ഈ രീതിയിലുള്ള നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് കുറച്ച് കൗണ്‍സിലര്‍മാര്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.
സ്വച്ഛ് ഭാരതിന് വേണ്ടി സ്വാതന്ത്ര്യദിനത്തില്‍ റാലിയും നടത്തിയിരുന്നു. ഗാന്ധി പ്രതിമയുടെ സമീപമാണ് റാലി സമാപിച്ചത്. പ്ലാസ്റ്റിക് മാലിന്യത്തെ കേരളത്തെ സ്വതന്ത്രമാക്കണമെന്ന് ജീപ്പില്‍ ഉച്ചഭാഷിണി വിളംബരവുമായാണ് റാലി നടത്തിയത്.
പ്ലാസ്റ്റിക്കിനെതിരെ മുദ്യാവാക്യം വിളിച്ചെത്തിയ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പ്ലാസ്റ്റിക് മൂടിയ ഗാന്ധിയെ കണ്ട് ഞെട്ടി. നേരത്തെ പച്ചപുല്‍ത്തകിടിയും വിവിധ ഇനം പൂച്ചെടികളാലും മനോഹരമായിരുന്ന സ്ഥലത്താണ് പ്ലാസ്റ്റിക് പുല്‍തകിടി വിരിച്ചത്.
കൗണ്‍സില്‍ തീരുമാനമില്ലാതെയാണ് ഗാന്ധിപ്രതിമ നവീകരണവും ക്ലോക്ക് ടവര്‍ നവീകരണവും നഗരസഭ സ്വകാര്യ ബാങ്കിന് കരാറായി നല്‍കിയത്. പകരം ബാങ്കിന്റെ പരസ്യങ്ങള്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കാനുള്ള അനുമതിയും നല്‍കി. ജോലിക്കാരെ കൊണ്ട് ഗാന്ധി പ്രതിമയ്ക്ക് ചുറ്റുമുള്ള യഥാര്‍ഥ പുല്‍തകിടി പരിപാലിക്കാമെന്നിരിക്കെ പ്ലാസ്റ്റിക് പുല്‍തകിടി സ്ഥാപിച്ചതിനെതിരെ പതിഷേധം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."