എം.പിയെ ഒഴിവാക്കിയതിനെതിരേ കോണ്‍ഗ്രസും യു.ഡി.എഫും രംഗത്ത്
കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജ് പ്രവേശനോത്സവത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ ഒഴിവാക്കാനുള്ള നീക്കത്തിനെതിരേ കോണ്‍ഗ്രസും യു.ഡി.എഫും രംഗത്ത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ പ്രവേശനോല്‍സവത്തിലെ ഉദ്ഘാടന ചടങ്ങില്‍ നിന്നും വകുപ്പുമന്ത്രിയുടെ സമ്മര്‍ദ്ദംമൂലം ഒഴിവാക്കിയത് അല്‍പത്തരമായിപ്പോയെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. സ്വാഗതസംഘം രൂപീകരണ യോഗം സമയത്തുപോലും എം.പിയെ ക്ഷണിക്കണമെന്ന് ഉദ്യോഗസ്ഥന്‍മാര്‍ ആവശ്യപ്പെട്ടിട്ടും ഒഴിവാക്കുവാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയതായാണ് അറിഞ്ഞത്.
ഒരു ഉദ്ഘാടന ചടങ്ങില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയാല്‍ തീരുന്ന വ്യക്തിത്വമല്ല പ്രേമചന്ദ്രന്റേതെന്നും ഇത്രയേറെ അദ്ദേഹത്തിന്റെ സാന്നിധ്യം സി.പി.എം ഭയക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നതായും ബിന്ദുകൃഷ്ണ പറഞ്ഞു. തീരുമാനം ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.സി രാജനും കണ്‍വീനര്‍ ഫിലിപ്പ് കെ തോമസും പ്രസ്താവനയില്‍ പറഞ്ഞു.
മുന്‍ എം.പി,മുന്‍ എം.എല്‍.എ എന്നിവരെ പരിപാടിക്ക് വിളിക്കുമ്പോള്‍ നിലവിലെ എം.പിയെ ഒഴിവാക്കുന്നതില്‍ ന്യായീകരണമില്ല. സ്വകാര്യമെഡിക്കല്‍കോളജ് ലോബിക്കുവേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ് അട്ടിമറിക്കാനുള്ള നീക്കത്തെ സമയോചിതമായി പ്രതിരോധിച്ചത് പ്രേമചന്ദ്രനാണെന്നും നേതാക്കള്‍ പറഞ്ഞു.
എം.പി യെ ഒഴിവാക്കാനുള്ളു ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് എസ്.ജെ പ്രേംരാജ് പറഞ്ഞു. പുതിയതായി കോളേജിലെത്തുന്ന ഇ.എസ്.ഐ ആനുകൂല്യമുള്ളവരുടെ മക്കളായ 35 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 100 വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്താന്‍ അവസരമൊരുക്കിയ എം.പിയെ ഒഴിവാക്കുന്നത് വസ്തുതകള്‍ വിദ്യാര്‍ഥികളില്‍ നിന്നും മറച്ചു വയ്ക്കുന്നതിന് വേണ്ടിയാണെന്നും പ്രേംരാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."