അപകടത്തില്‍പ്പെട്ട ഗൃഹനാഥന്‍ ചികിത്സ കിട്ടാതെ മരിച്ചതായി പരാതി
എരുമപ്പെട്ടി : തൃശൂരിലെ സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചത് മൂലം അപകടത്തില്‍പ്പെട്ട ഗുഹനാഥന്‍ രക്തം വാര്‍ന്ന് മരിച്ചതായി പരാതി. വേലൂര്‍ തയ്യൂര്‍ താഴത്തേതില്‍ മുകുന്ദനാണ് മരിച്ചത്.
ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുകുന്ദന്റെ സഹോദരന്‍ യശോധരന്‍ തൃശൂര്‍ റൂറല്‍ എസ്.പിയ്ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആറാം തിയ്യതി രാത്രി ഒമ്പത് മണിയോടെ എരുമപ്പെട്ടി സെന്ററിലാണ് അപകടമുണ്ടായത്. ഏഴാം തിയ്യതി തുറന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്ന തന്റെ ഉടസ്ഥതയിലുള്ള പച്ചക്കറിക്കടയുടെ ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടയിലാണ് മുകുന്ദന്‍ അപകടത്തില്‍പ്പെട്ടത്. റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അമിത വേഗത്തില്‍ വന്നിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മുകുന്ദനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
തലയ്ക്ക് മുറിവേറ്റ മുകന്ദനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ ആദ്യം പ്രവേശിപ്പിച്ചത് കുന്നംകുളം റോയല്‍ ആശുപത്രിയിലായിരുന്നു.എന്നാല്‍ 24 മണിക്കൂറും അപകട കേസുകള്‍ എടുക്കുമെന്ന് അവകാശപ്പെടുന്ന ഈ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരില്ലായെന്ന് പറഞ്ഞ് മുകുന്ദന് ചികിത്സ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് തൃശൂര്‍ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുകന്ദനെ ഇറക്കാന്‍ അനുവദിക്കാതെ ഡ്യൂട്ടി ഡോക്ടര്‍ ആംബുലന്‍സില്‍ വന്ന് നോക്കുകയും ഐ.സി.യു.വില്‍ ഒഴിവില്ലെന്നും തൃശൂര്‍ അശ്വനി ആശുപത്രിയിലേക്ക് കൊണ്ടു പോകുവാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
എന്നാല്‍ ഈ ആശുപത്രിയും മുകുന്ദന് ചികിത്സ നല്‍കാന്‍ തയ്യാറായില്ല. ഇതിനിടയില്‍ രക്തം വാര്‍ന്ന് മുകുന്ദനന്റെ അവസ്ഥ അതീവ ഗുരതരമായി.
തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച മുകന്ദന് ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും അമിതമായി രക്തം നഷ്ടപ്പെട്ടതിനാല്‍ മുകുന്ദന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
രക്തസ്രാവം നിയന്ത്രിക്കാന്‍ പ്രഥമ ശുശ്രൂഷ പോലും നല്‍കാന്‍ ഈ ആശുപത്രികള്‍ തയ്യാറായില്ലെന്നും 20 മിനിറ്റ് മുമ്പ് ചികിത്സ നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മുകുന്ദന്റെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും സഹോദരന്‍ യശോദരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."