എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്ക്: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് യൂത്ത് കോണ്‍. മാര്‍ച്ച്
കോഴിക്കോട്/കൂടരഞ്ഞി: കക്കാടംപൊയിലില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിന് അനുമതി നല്‍കിയ യു.ഡി. എഫ് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പൊലിസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് ചെറിയ സംഘര്‍ഷത്തിന് കാരണമായി. പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ജിനേന്ദ്രനെ ഉപരോധിച്ചു. സെക്രട്ടറി രവീന്ദ്രന്‍ സമരം നടക്കുമ്പോള്‍ പഞ്ചായത്തിലെത്തിയിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അസി. സെക്രട്ടറി എന്നിവരുമായി ചര്‍ച്ച നടത്തുകയും ഇന്ന് പ്രത്യേക ഭരണ സമിതി യോഗം വിളിക്കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
വിവാദ പാര്‍ക്കുമായി ബന്ധപ്പെട്ട വിഷയം മാത്രമേ യോഗത്തില്‍ ചര്‍ച്ചക്ക് വച്ചിട്ടുള്ളൂ. അതേ സമയം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രമുള്‍പ്പെടെ മുഴുവന്‍ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ഗ്രാമപഞ്ചായത്ത് 2017 ജൂണ്‍ 22 ന് പാര്‍ക്കിന് അനുമതി നല്‍കിയതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ്, വൈസ് പ്രസിഡന്റ് വി.എ.നസീര്‍ എന്നിവര്‍ അറിയിച്ചു. ഇതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കോണ്‍ഗ്രസ് അംഗമായ ജോസ് പള്ളിക്കുന്നേല്‍, സ്ഥലം മെമ്പറും ഡി.വൈ.എഫ്.ഐ നേതാവുമായ കെ.എസ്. അരുണ്‍ കുമാര്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതി സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കി ഭരണ സമിതി മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം വിവാദമായതോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നേരത്തെ നല്‍കിയ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തതായി പറയപ്പെടുന്നുണ്ടെങ്കിലും പഞ്ചായത്തിന് ഇത് സംബന്ധമായി ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ പാര്‍ക്കിലെ അനധികൃത നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് നിയമ പോരാട്ടം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജു കള്ളിപ്പാറ വിവരാവകാശ നിയമപ്രകാരം നിരവധി അപേക്ഷകള്‍ പഞ്ചായത്ത് ഓഫിസില്‍ നല്‍കിയിട്ടുണ്ട്. ലഭിച്ച മറുപടിയിലൊന്നും പാര്‍ക്കിന് അനുമതി കൊടുത്തതായി കണ്ടിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. വാട്ടര്‍ തീം പാര്‍ക്കിലെ അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടിയതു മൂലം തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് ജിജു പറയുന്നത്.
പഞ്ചായത്ത് ഓഫിസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നു കാണിച്ച് സമരത്തിനു നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ പഞ്ചായത്തിന്റെ പരാതിയെ തുടര്‍ന്ന് തിരുവമ്പാടി പൊലിസ് കേസെടുത്തിട്ടുണ്ട്. യു.ഡി.എഫ്.ഭരിക്കുന്ന പഞ്ചായത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയതും പാര്‍ട്ടിയില്‍ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. കൂടരഞ്ഞിയിലെ പ്രാദേശിക സി.പി.എം ഘടകവും പാര്‍ക്കിന് അനുകൂലമാണെന്നാണ് അറിയുന്നത്. സമരത്തിന് വി.എന്‍.ജംനാസ്, സജീഷ് മുത്തേരി, അഡ്വ: സൂഫിയാന്‍, ജിജി കള്ളിപ്പാറ, നിഷാബ് മുല്ലോളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."