തീര്‍ഥാടകനായി കുഞ്ഞു മിസ്ഹബും അകക്കണ്ണിന്റെ വെളിച്ചത്തില്‍ അബ്ദുറഹ്മാനും
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി ഇന്നലെ യാത്ര തിരിച്ച സംഘത്തില്‍ 8 മാസം പ്രായമായ കൈക്കുഞ്ഞും കാഴ്ചശേഷിയില്ലാത്ത കണ്ണൂര്‍ സ്വദേശിയും. മലപ്പുറം മേല്‍മുറി സ്വദേശി പുള്ളിയില്‍ മാടശ്ശേരി വീട്ടില്‍ മുഹമ്മദ് ഹനീഫയും ഭാര്യ ഷെമീറയുമാണ് തങ്ങളുടെ 8 മാസം പ്രായമായ മകന് മിസ്ഹബ് മുഹിയുദ്ദീനുമായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുണ്യഭൂമിയിലേക്ക് യാത്ര തിരിച്ചത്.
ഈ വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ തീര്‍ഥാടകനാണ് മിസ്ഹബ്. ആസ്ത്രേലിയയില്‍ ജോലി ചെയ്തുവരുന്ന മുഹമ്മദ് ഹനീഫക്ക് തുടര്‍ച്ചയായ 5ാംവര്‍ഷ അപേക്ഷകരുടെ പട്ടികയിലാണ് ഈ വര്‍ഷം അവസരം ലഭിച്ചത്. ഇന്നലെ വൈകിട്ട് 5.15 നുള്ളവിമാനത്തിലാണ് ഇവര്‍ യാത്ര തിരിച്ചത്. മിസ്ഹബിന് വേണ്ടി പിതാവ് മുഹമ്മദ് ഹനീഫയാണ് ഇഹ്റാം കെട്ടിയത്.
കാഴ്ചശേഷിയില്ലാത്ത തീര്ഥാടകന് കണ്ണൂര്‍ മീത്തലെ പീടികയില്‍ അബ്ദുറഹ്മാനും (60) ഇന്നലെ യാത്രതിരിച്ചു.
അടുത്ത ബന്ധുകൂടിയായ സഹനാദാണ് ഇദ്ദേഹത്തിന് സഹായിയായി കൂടെ ഉള്ളത്. ഇന്നലെ വൈകിട്ട് 5.15 ന് പുറപ്പെട്ട സഊദി എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു ഇവരുടേയും യാത്ര. തുടര്‍ച്ചയായ നാലാം വര്‍ഷ അപേക്ഷകനായ അബ്ദുറഹ്മാന് നറുക്കെടുപ്പിലൂടെയാണ് ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."