ഹറമിലെ ആദ്യ ജുമുഅയുടെ നിറവില്‍ മലയാളി ഹാജിമാര്‍
മക്ക: മലയാളി ഹാജിമാര്‍ ഹറമില്‍ ആദ്യ ജുമുഅ നിര്‍വ്വഹിച്ചു.
ഹജ്ജ് സര്‍വിസ് മുഖേന ഇത് വരെ മക്കയിലെത്തിയ അയ്യായിരത്തോളം ഹാജിമാര്‍ ആദ്യ ജുമുഅയില്‍ പങ്കെടുത്തു. ഇതിനകം ഏകദേശം പത്തു ലക്ഷത്തിലധികം തീര്‍ഥാടകരാണ് മക്കയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. വിശുദ്ധ ഹറമിലെ ആദ്യ ജുമുഅയില്‍ പങ്കെടുത്ത സന്തോഷം ഹാജിമാരുടെ മുഖത്തു പ്രകടമായിരുന്നു.
ഹറം പള്ളിയുടെ മുന്‍ഭാഗത്തും, ഉള്‍ഭാഗത്തും ഇടം പിടിക്കാന്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ ഹാജിമാര്‍ നേരത്തെ തന്നെ പള്ളിയിലേക്ക് പുറപ്പെട്ടിരുന്നു.
താമസ സ്ഥലത്തു നിന്ന് ഹറം പള്ളിയിലേക്ക് 24 മണിക്കൂറും ബസ് സൗകര്യം ഏര്‍പ്പെടുത്തിയതിനാല്‍ അതി രാവിലെ തന്നെ പള്ളിയിലേക്ക് പോകാനുള്ള സൗകര്യമായി.
മക്കയില്‍ ശക്തമായ ചൂട് അനുഭവപ്പെടുന്നതിനാല്‍ ഹാജിമാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശവുമായി അധികൃതര്‍ രംഗത്തുണ്ടണ്ട്. ഇന്നലെ 42 ഡിഗ്രിയില്‍ അധികമാണ് ചൂട്. വരും ദിവസങ്ങളില്‍ ഇത് ക്രമാതീതമായി ഉയരുമെന്നും നിര്‍ജലീകരണം ഉള്‍പ്പെടെ ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഹറമിലേക്കും തിരിച്ചും പ്രായമായവരെയും മുതിര്‍ന്നവരെയും എത്തിക്കുന്നതിലും സഹായം ചെയ്യുന്നതിലും സന്നദ്ധ സേവകര്‍ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നുണ്ട്.
ഇന്ത്യയില്‍ നിന്ന് ഇതിനകം 95000 ഓളം തീര്‍ഥാടകര്‍ പുണ്യ ഭൂമിയില്‍ എത്തി ചേര്‍ന്നു. ഇന്ത്യന്‍ തീര്‍ഥാടകര്‍ നിലവില്‍ മക്കയിലാണ്. നേരത്തെ മദീനയിലെത്തിയ തീര്‍ഥാടകരെല്ലാം ഇതിനകം തന്നെ മക്കയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."