രാജ്യസഭാ തെരഞ്ഞെടുപ്പ്: ബല്‍വിന്ദ് സിങ് രജ്പുത്ത് കോടതിയെ സമീപിച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ് വീണ്ടും വിവാദത്തിലേക്ക് നീങ്ങുന്നു.
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് മത്സരിച്ച ബല്‍വിന്ദ് സിങ് രജ്പുത്ത് തെരഞ്ഞെടുപ്പിനെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ്. രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ട് തെരഞ്ഞെടുപ്പു കമ്മിഷന്‍ അസാധുവാക്കിയത് ചോദ്യം ചെയ്ത് ഗുജറാത്ത് ഹൈക്കോടതിയില്‍ രജ്പുത്ത് ഹരജി സമര്‍പ്പിച്ചു.
തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടാണ് രജ്പുത്ത് കോടതിയെ സമീപിച്ചത്.
വോട്ടെടുപ്പിനിടയില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തി കാണിച്ചുവെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായെ കാണിച്ചുവെന്നും ആരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതിനെതുടര്‍ന്നാണ് ഇവരുടെ വോട്ടുകള്‍ അസാധുവാക്കിയത്.
തെരഞ്ഞെടുപ്പില്‍ 44 വോട്ടുകളാണ് അഹമ്മദ് പട്ടേലിന് ലഭിച്ചിരുന്നത്. അമിത്ഷാക്കും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കും 46 വീതം വോട്ടുകള്‍ ലഭിച്ചപ്പോള്‍ രജ്പുത്തിന് 38 വോട്ടുകളാണ് ലഭിച്ചത്.
ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പായിരുന്നു രജ്പുത്ത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് അദ്ദേഹം രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്.
തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം റദ്ദാക്കണമെന്നും പകരം റിട്ടേണിങ് ഓഫിസറുടെ തീരുമാനം പരിഗണിക്കണമെന്നും രജ്പുത്ത് നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി ഈ മാസം 21ന് പരിഗണിക്കാനായി മാറ്റിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."