അണ്ണാ ഡി.എം.കെ ലയനം: ഉപാധികളുമായി ഒ.പി.എസ്; ചര്‍ച്ച വഴിമുട്ടി
ചെന്നൈ: സംഭവബഹുലമായ ദിനങ്ങള്‍ക്കൊടുവില്‍ അണ്ണാ ഡി.എം.കെ ഇരുപക്ഷവും ലയിക്കാന്‍ ധാരണയായെങ്കിലും പനീര്‍ശെല്‍വം വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ലയനചര്‍ച്ച അനിശ്ചിതത്വത്തിലായി. മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ മരണത്തോടെ അനുയായികള്‍ തമ്മിലുള്ള പോരിലാണ് പാര്‍ട്ടി രണ്ടായി പിരിഞ്ഞത്.
പനീര്‍ശെല്‍വം തന്റെ പക്ഷത്തുള്ള എം.എല്‍.എമാര്‍, എം.പിമാര്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി ലയനം സബന്ധിച്ച് ചര്‍ച്ച നടത്തി. ലയനം സാധ്യമാകണമെങ്കില്‍ ചില ഉപാധികള്‍കൂടി അവര്‍ മുന്നോട്ടുവച്ചു. ഇതോടെ ഇരുപക്ഷവും ഒന്നിക്കാനുള്ള സാധ്യത വീണ്ടും പ്രതിസന്ധിയിലായി.
ഇന്നലെ ചെന്നൈയില്‍ പളനിസാമി-പനീര്‍ശെല്‍വം വിഭാഗങ്ങള്‍ തമ്മില്‍ അന്തിമ ചര്‍ച്ച നടത്തിയിരുന്നു. ലയനം സാധ്യമാകുമെന്ന് തിരിച്ചറിഞ്ഞതോടെ പ്രവര്‍ത്തകര്‍ ആവേശപൂര്‍വം മറീന ബീച്ചിലെ ജയ സ്മാരകത്തിലെത്തിയിരുന്നു. ഇവിടെ വച്ചായിരിക്കും ലയനപ്രഖ്യാപനമുണ്ടാവുകയെന്നായിരുന്നു വിവരം.
ഇരുവിഭാഗവും ചര്‍ച്ച നടത്തി ലയനത്തിനുള്ള സാഹചര്യമൊരുങ്ങിയെന്ന വാര്‍ത്ത പ്രചരിച്ചതോടെ പ്രവര്‍ത്തകര്‍ മറീന ബീച്ചിലെ ജയ സ്മാരകം പൂക്കള്‍കൊണ്ട് അലങ്കരിച്ചിരുന്നു. പനീര്‍ശെല്‍വത്തിന്റെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ പളനിസാമി വിഭാഗത്തിലെ പ്രമുഖരും സംസ്ഥാന മന്ത്രിമാരുമായ എസ്.പി വേലുമണി, പി. തങ്കമണി എന്നിവരാണ് ചര്‍ച്ച നടത്തിയിരുന്നത്. പനീര്‍ശെല്‍വം വിഭാഗത്തിലെ മുതിര്‍ന്ന നേതാവായ നത്തം വിശ്വനാഥന്റെ നേതൃത്വത്തില്‍ ചിലര്‍ എതിര്‍ത്തതോടെയാണ് ലയനം അനിശ്ചിതത്വത്തിലായത്.
ധാരണപ്രകാരം മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയാകുമെന്ന് വിവരമുണ്ടായിരുന്നു. മാത്രമല്ല പാര്‍ട്ടിയില്‍ ഉന്നത സ്ഥാനവും അദ്ദേഹത്തിന് നല്‍കുമെന്നും വാര്‍ത്ത പുറത്തുവന്നു.
ലയനം സാധ്യമാക്കാനായി ജയയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പനീര്‍ശെല്‍വം ആവശ്യപ്പെട്ടത് അംഗീകരിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ജയയുടെ മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നാണ് പനീര്‍ശെല്‍വം ആവശ്യപ്പെട്ടത്. ഇതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."