വിശാല്‍ സിക്ക ഇന്‍ഫോസിസ് സി.ഇ.ഒ സ്ഥാനം രാജിവച്ചു
ന്യൂഡല്‍ഹി: പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന്റെ സി.ഇ.ഒയും മാനേജിങ് ഡയരക്ടറുമായ വിശാല്സിക്ക രാജിവച്ചു. കമ്പനിയില്‍ തനിക്കുനേരെയുണ്ടാകുന്ന വ്യക്തിപരമായ ആരോപണത്തില്‍ മനംമടുത്താണ് രാജിവയ്ക്കുന്നതെന്ന് അദ്ദേഹം നല്കിയ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജി സ്വീകരിച്ചതായി കമ്പനി സെക്രട്ടറി എ.ജി.എസ് മണികന്ദ വ്യക്തമാക്കി.
സിക്കയ്ക്കുപകരം ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ യു.ബി പ്രവീണ്‍ റാവുവിനെ താല്‍ക്കാലിക സി.ഇ.ഒ ആയി നിയമിച്ചു. അതേസമയം കമ്പനിയുടെ എക്സിക്യൂട്ടിവ് വൈസ് ചെയര്‍മാനായി വിശാല്സിക്ക തുടരുമെന്നും കമ്പനി സെക്രട്ടറി അറിയിച്ചു.
കമ്പനിയുടെ ഡയരക്ടര്‍ ബോര്‍ഡില്‍ വിശാല്സിക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര് നാരായണ മൂര്‍ത്തി അടക്കം പരസ്യമായി അഭിപ്രായപ്രകടനം തുടര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹം രാജിവച്ചത്.
വിശാല്സിക്കയുടെ രാജിക്കുപിന്നാലെ ഇന്‍ഫോസിസിന്റെ ഓഹരി മൂല്യത്തില്‍ 30,000 കോടിയുടെ ഇടിവുണ്ടായി. ഇതോടെ കമ്പനിയുടെ മാര്‍ക്കറ്റ് വാല്യു 2.34 ലക്ഷം കോടിയില്‍ നിന്ന് 2.04 ലക്ഷം കോടിയായി.
വ്യാപാരാന്ത്യത്തില്‍ ഓഹരിവില 97.70 രൂപ കുറഞ്ഞ് 923.15 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.
അതേസമയം സിക്കയുടെ രാജി മനോവേദന ഉണ്ടാക്കുന്നതായി നാരായണമൂര്‍ത്തി പറഞ്ഞു. ആരോപണങ്ങളില്‍ മനംമടുത്തു എന്നത് തന്നെ ആശ്ചര്യപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."